റാഞ്ചി: ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാർ തലയ്ക്കടിച്ച് കൊന്നു. ജാർഖണ്ഡിലെ ജോഗിമുണ്ട ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ വിനീത് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാവിലെയാണ് ഒരു സംഘമാളുകൾ വിനീതിനെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഉറങ്ങുകയായിരുന്ന യുവാവിനെ വീട് ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തെത്തിച്ച് വടി കൊണ്ട് മർദിച്ചു. ഇതിനിടെ വലിയ കല്ല് കൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തു. തലയ്ക്ക് മാരകമായ പരിക്കേറ്റാണ് മരണം സംഭവിച്ചത്.

ഗ്രാമത്തിലെ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഏഴ് മാസം മുമ്പാണ് വിനീത് പോലീസിന്റെ പിടിയിലാകുന്നത്. ജയിലിലായിരുന്ന ഇയാൾ അടുത്തിടെ ജാമ്യത്തിലിറങ്ങി. വിനീത് ജാമ്യത്തിലിറങ്ങിയ വിവരമറിഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ പരിഭ്രാന്തരായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഇവർ വിനീതിനെ ഭീഷണിപ്പെടുത്തിയതായും ടൈംസ് നൗവ് റിപ്പോർട്ട് ചെയ്തു. ഇതിനുപിന്നാലെയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

Content Highlights:villagers killed rape case accused in jharkhand