പാലക്കാട്: ചിറ്റൂരില്‍നിന്ന് മറ്റ് ജില്ലകളിലേക്ക് കള്ള് കൊണ്ടുപോകുന്നതിനുള്ള പെര്‍മിറ്റ് പുതുക്കാന്‍ ലിറ്ററിന് 12 രൂപവീതം നാല് തട്ടുകളിലായി 48രൂപ മാമൂല്‍ ഈടാക്കുന്നതായി വിജിലന്‍സ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ചരാവിലെ നടത്തിയ പരിശോധനയില്‍ ചിറ്റൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസില്‍നിന്ന് 80,000 രൂപയും സര്‍ക്കിള്‍ ഓഫീസില്‍ നിന്ന് 2,100 രൂപയും വിജിലന്‍സ് കണ്ടെടുത്തു.

ഏതാനുംദിവസങ്ങളിലെ തുടര്‍ച്ചയായ നിരീക്ഷണത്തിനുശേഷം രണ്ട് ഓഫീസിലും ഒരേ സമയമായിരുന്നു പരിശോധന. റേഞ്ച് ഓഫീസിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസറുടെ പക്കല്‍നിന്നാണ് 80,000 രൂപ കണ്ടെത്തിയത്. ഇത് ജോലികഴിഞ്ഞ് പോകാനൊരുങ്ങുകയായിരുന്ന സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് കൈമാറാനൊരുങ്ങുമ്പോഴാണ് പിടികൂടിയതെന്ന് വിജിലന്‍സ് സംഘം പറയുന്നു. സര്‍ക്കിള്‍ ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പക്കല്‍നിന്ന് രേഖകളിലില്ലാത്ത 2,100 രൂപയും കണ്ടെടുത്തു. ഈസമയം ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരായ സി. ചെന്താമര, പി. ഗിരീഷ്, എന്‍. പ്രശാന്ത് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.

വിജിലന്‍സ് ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീന്‍, ഇന്‍സ്‌പെക്ടര്‍ പി.എസ്. സുനില്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബി. സുരേന്ദ്രന്‍, മുഹമ്മദ് റഫീഖ്, ഉദ്യോഗസ്ഥരായ എന്‍.സി. സലേഷ്, പി.ആര്‍. രമേഷ്, എം.കെ. രതീഷ് എന്നിവരായിരുന്നു പരിശോധക സംഘത്തിലുണ്ടായിരുന്നത്.

വീതംവെപ്പ് ഔദ്യോഗിക പദവിയനുസരിച്ച്

പാലക്കാട്: ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിളിലെ മൂന്ന് റേഞ്ചുകളുടെ പരിധിയില്‍നിന്നായി 2.94 ലക്ഷം ലിറ്റര്‍ കള്ളാണ് പുറത്തേക്ക് കൊണ്ടുപോകുന്നതെന്നാണ് കണക്ക്. ആറുമാസത്തേക്കുള്ള കള്ളുകടത്ത് പെര്‍മിറ്റില്‍ ഒരുലിറ്ററിന് കിട്ടുന്ന 48 രൂപ മാമൂല്‍ നാലായാണ് വീതിക്കുന്നത്. റേഞ്ച് ഓഫീസ്, സര്‍ക്കിള്‍ ഓഫീസ്, സ്‌ക്വാഡ്, ജില്ലാ ഓഫീസ് എന്നിവിടങ്ങളിലേക്ക് ലിറ്ററിന് 12 രൂപയെന്ന കണക്കിലാണ് വീതിക്കുക.

നേരത്തേ പെര്‍മിറ്റ് പുതുക്കിനല്‍കുന്ന ദിവസംതന്നെ മാമൂല്‍ ഈടാക്കുന്നതായിരുന്നു രീതി. എന്നാല്‍, അണക്കപ്പാറയില്‍ വ്യാജകള്ള് സംഭരണശാല കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണമാരംഭിച്ചതോടെ ഈ പതിവ് മാറ്റി. പെര്‍മിറ്റ് പുതുക്കി നല്‍കി പിന്നീട് സൗകര്യപ്രദമായ ദിവസം പണത്തിന് വിളിച്ചുവരുത്തുന്നതാണ് പുതിയരീതിയെന്ന് വിജിലന്‍സ് സംഘം പറയുന്നു. ലഭിക്കുന്നപണം പുറത്തെത്തിച്ച് ജീവനക്കാര്‍ക്ക് വീതിച്ചുനല്‍കും. ഔദ്യോഗികപദവിയനുസരിച്ചാണ് തുക വീതംവെക്കുകയെന്നും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.