കുറ്റിപ്പുറം: യുവാവിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി പണവും മൊബൈൽഫോണും തട്ടിയെടുത്തതായി പറയപ്പെടുന്ന സംഭവത്തിലെ ദുരൂഹതകൾ സംബന്ധിച്ച് കുറ്റിപ്പുറം പോലീസ് അന്വേഷണമാരംഭിച്ചു.

കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ ബുധനാഴ്‌ച പുലർച്ചെ ഒരുമണിയോടെ പുറത്ത് ബാഗ് ധരിച്ച യുവാവിനെ മൂന്നംഗസംഘം ബൈക്കിൽ കൊണ്ടുപോകുന്നത് സമീപത്തെ വീട്ടിലെ സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയകളിലൂടെ പുറത്തുവന്നതിനൊപ്പമുള്ള ശബ്ദസന്ദേശത്തിൽ യുവാവ് കോട്ടയത്തുനിന്ന് വളാഞ്ചേരിയിലേക്കു വരികയായിരുന്നുവെന്നും ഭക്ഷണം കഴിക്കാനാണ് ഹൈവേ ജങ്ഷനിൽ ഇറങ്ങിയതെന്നുമാണുള്ളത്.

മൂത്രമൊഴിക്കാൻ റോഡരികിലേക്കിറങ്ങിയ യുവാവിനെ ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി തിരൂർ റോഡിലേക്ക് ഓടിച്ചുപോകുകയും യുവാവിന്റെ പണവും മൊബൈൽഫോണും കവരുകയുംചെയ്തു. ഇതിനിടയിൽ ബൈക്കിൽനിന്ന് ചാടി രക്ഷപ്പെട്ട യുവാവ് പരിസരത്തെ വീട്ടിൽ അഭയംതേടിയെന്നും വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് യുവാവിന്റെ പിതാവെത്തി കൂട്ടിക്കൊണ്ടുപോയെന്നുമാണ് ശബ്ദസന്ദേശത്തിലുള്ളത്.

ശബ്ദസന്ദേശത്തോടൊപ്പമുള്ള മൊബൈൽഫോൺ നമ്പർ യുവാവിന്റെ പിതാവിന്റേതാണെന്നാണ് പറയുന്നത്. ഈ നമ്പറിൽ പോലീസ് ബന്ധപ്പെട്ടപ്പോൾ 'സംഭവിക്കാനുള്ളത് സംഭവിച്ചു, ഇനി അതിന്റെ പിന്നാലെ പോകാനില്ല' എന്ന മറുപടിയാണു ലഭിച്ചത്. കൊളത്തൂരാണ് വീടെന്നുമാണ് ഇയാൾ പറഞ്ഞത്. ഈ സാഹചര്യത്തിൽ യാഥാർഥ്യം കണ്ടെത്താൻ അന്വേഷണമാരംഭിച്ചതായും സി.സി.ടി.വി. ക്യാമറാദൃശ്യങ്ങൾ പരിശോധിച്ചതായും സി.ഐ. ശശീന്ദ്രൻ മേലേയിൽ പറഞ്ഞു.