തെങ്കാശി(തമിഴ്‌നാട്): ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മനുഷ്യന്റെ തല ഭക്ഷിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. തെങ്കാശിയിലെ കല്ലൂരാണി ഗ്രാമത്തിലെ ശക്തിപോതി ചുടലൈ മാടസ്വാമി ക്ഷേത്രത്തിലാണ് സംഭവം. 

കാട്ടുകോവില്‍ എന്നറിയപ്പെടുന്ന ക്ഷേത്രത്തില്‍ നടന്ന 'സാമിയാട്ടം' ചടങ്ങിനിടെ ചിലര്‍ മനുഷ്യന്റെ തല ഭക്ഷിച്ചെന്നാണ് ആരോപണം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സാമിയാട്ടം നടത്തിയ ചിലര്‍ക്കെതിരേ കേസെടുത്തതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

ഉത്സവത്തിനിടെ ചിലര്‍ മനുഷ്യന്റെ തല കൈയിലേന്തി നില്‍ക്കുന്നതിന്റെയും അതില്‍നിന്ന് മാംസം ഭക്ഷിക്കുന്നതിന്റെയും വീഡിയോയാണ് പുറത്തുവന്നത്. നിരവധി പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനായി ക്ഷേത്രത്തില്‍ എത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, ആരുടെ മൃതദേഹമാണ് പുറത്തെടുത്ത് ഭക്ഷിച്ചതെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. പിടിയിലായവരില്‍നിന്ന് ഇതു സംബന്ധിച്ച വ്യക്തമായ മൊഴിയും ലഭിച്ചിട്ടില്ല. ആരുടെ മൃതദേഹമാണ് ഇവര്‍ പുറത്തെടുത്തതെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ ഉത്സവത്തിന്റെ സംഘാടകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ആര്‍.കൃഷ്ണരാജ് പറഞ്ഞു. 

2019-ലും ഈ ക്ഷേത്രത്തില്‍ സാമിയാട്ടം നടത്തിയവര്‍ അജ്ഞാതകേന്ദ്രത്തില്‍നിന്ന് മനുഷ്യന്റെ കൈയും തലയും കൊണ്ടുവന്നിരുന്നു. ഈ സംഭവത്തിന്റെ വീഡിയോയും അന്ന് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. സാമിയാട്ടം നടത്തുന്നവര്‍ ഉത്സവത്തിനിടെ ശ്മശാനങ്ങളില്‍ മൃതദേഹ വേട്ടയ്ക്കായി പോകുമെന്നും അവിടെനിന്ന് മൃതദേഹം പുറത്തെടുക്കുമെന്നുമാണ് ഇതേക്കുറിച്ച് പറയുന്നത്. പക്ഷേ, സാധാരണയായി ഇവര്‍ തിരിച്ചുവരുമ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍ കൊണ്ടുവരാറില്ല. എന്നാല്‍, തങ്ങളുടെ ഗ്രാമത്തില്‍ ഇത്തരം മൃതദേഹാവശിഷ്ടങ്ങളുമായി സാമിയാട്ടം നടത്തുന്നവരെ കണ്ടിട്ടുണ്ടെന്നാണ് കല്ലൂരാണി ഗ്രാമവാസികള്‍ പറയുന്നത്. 

Content Highlights: video from a tenkasi temple goes viral police registered case