മലപ്പുറം: ചത്ത പശുവിന് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാന്‍ ഫാം ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങിയ വെറ്ററിനറി സര്‍ജന്‍ വിജിലന്‍സിന്റെ പിടിയിലായി. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി മൃഗാശുപത്രിയിലെ ഡോക്ടര്‍ മക്കരപ്പറമ്പ് പഞ്ചളിവീട്ടില്‍ അബ്ദുല്‍നാസറി(44)നെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി എ. രാമചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തത്.

പൂക്കോട്ടൂര്‍ സ്വദേശിയായ പ്രവീണില്‍നിന്നാണ് അബ്ദുല്‍നാസര്‍ കൈക്കൂലി വാങ്ങിയത്. പ്രവീണ്‍ നടത്തുന്ന ഫാമില്‍ ഒരുമാസം മുന്‍പ് രോഗംബാധിച്ച് പശു ചത്തിരുന്നു. പശുവിന് ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ സ്ഥലത്തെ വെറ്ററിനറി സര്‍ജന്‍ പോസ്റ്റ്മോര്‍ട്ടം നടത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതുപ്രകാരം അബ്ദുല്‍നാസര്‍ പോസ്റ്റ്മോര്‍ട്ടം നടത്തുകയും രേഖകള്‍ ശരിയാക്കി നല്‍കുകയുംചെയ്തു. ഇതിനുള്ള പ്രതിഫലമായി ഇന്‍ഷുറന്‍സ് തുക ലഭിച്ചാല്‍ 2000 രൂപ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. പ്രവീണിന് ഇന്‍ഷുറന്‍സ് തുക ലഭിച്ചവിവരം അറിഞ്ഞതോടെ പണത്തിനായി അബ്ദുല്‍നാസര്‍ നിരന്തരം ബന്ധപ്പെട്ടു.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ പശുവിനെ പരിശോധിക്കാന്‍ ഫാമിലെത്തിയ അബ്ദുല്‍നാസര്‍ നേരത്തേ പറഞ്ഞ കൈക്കൂലി ചോദിച്ചു. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ ഫിനോഫ്തലീന്‍ പൗഡര്‍ പുരട്ടിയ നോട്ടുകള്‍ പ്രവീണ്‍ കൈമാറി. ഈസമയം വിജിലന്‍സ് സംഘമെത്തി അബ്ദുല്‍നാസറിനെ പിടികൂടുകയായിരുന്നു.

വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ കെ.പി. സുരേഷ്ബാബു, കെ. റഫീഖ്, മനോജ് പറയട്ട, എസ്.ഐ മുഹമ്മദലി, എ.എസ്.ഐമാരായ മോഹന്‍ദാസ്, ജോസ്‌കുട്ടി, വിജയകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ബുധനാഴ്ച കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Content highlights: veterinary doctor from malappuram arrested in a bribery case