വെമ്പായം: വെഞ്ഞാറമൂട് നവീന്‍ മാര്‍ബിള്‍സ് ആന്‍ഡ് ടൈല്‍സിന്റെ ജനറല്‍ മാനേജര്‍ ജി.സജീവിനെ റബ്ബര്‍തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്.

പ്രഭാതസവാരിക്കുപോയ വെമ്പായം നെടുവേലി ഇടുക്കുംതല പനയറക്കോണത്ത് വീട്ടില്‍ സജീവിനെ(47) കഴിഞ്ഞദിവസമാണ് റബ്ബര്‍തോട്ടത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു.

ശാസ്ത്രീയപരിശോധനകളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യയെന്ന് സ്ഥിരീകരിച്ചതെന്ന് പോലീസ് അറിയിച്ചു. സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി സജീവിന്റെ ആത്മഹത്യാക്കുറിപ്പ് ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്.

പ്ലാസ്റ്റിക് വള്ളി കടയില്‍ നിന്നെടുത്ത് ബാഗില്‍ വയ്ക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഴുത്തുമുറുകി മരിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കടയില്‍നിന്നെടുത്ത പ്ലാസ്റ്റിക് വള്ളിയാണ് കഴുത്തില്‍ മുറുക്കിയതെന്നാണ് നിഗമനമെന്നും പോലീസ് പറയുന്നു.

കടയിലേക്ക് ഇനി വരില്ലെന്നും കമ്പനി ഫോണ്‍ ക്യാബിനില്‍ വച്ചിട്ടുണ്ടെന്നും കടയിലെ ഒരു ജീവനക്കാരനോട് സജീവ് പറഞ്ഞതായാണ് പോലീസ് പറയുന്നത്. രണ്ടാഴ്ച മുന്‍പ് ബന്ധുക്കള്‍ക്കായി സജീവ് വീട്ടിലൊരു വിരുന്നു സത്കാരവും നടത്തിയിരുന്നു.എന്നാല്‍, ഇദ്ദേഹത്തിനു സാമ്പത്തികബാധ്യതയുള്ളതായി അറിയില്ലെന്ന് വീട്ടുകാരും ബന്ധുക്കളും പറയുന്നു.

പുലര്‍ച്ചെ പതിവുപോലെ നടക്കാനിറങ്ങിയ സജീവിനെ എന്നും തിരിച്ചെത്തുന്ന സമയമായിട്ടും കാണാത്തതിനാല്‍ വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വീടിനു പിന്‍ഭാഗത്തെ റബ്ബര്‍തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)