കളമശ്ശേരി: വാടകയ്ക്കെടുക്കുന്ന വാഹനം മറിച്ച് വിൽക്കുകയും ഇതേ വാഹനം പിന്നീട് ജി.പി.എസിന്റെ സഹായത്തോടെ മോഷ്ടിക്കുകയും ചെയ്യുന്ന സംഘത്തിലെ മൂന്നുപേർ പോലീസ് പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ നജീബ് കപൂർ, കായംകുളം സ്വദേശി ജിനു ജോൺ ഡാനിയേൽ, സജാദ് എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടിച്ചത്. പ്രതികളുടെ പേരിൽ മുക്കുപണ്ടം തട്ടിപ്പ്, വിസ തട്ടിപ്പ് എന്നീ കേസുകളുമുണ്ട്.
ജിനു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്. ഗൾഫിൽ ജോലി ചെയ്ത് മടങ്ങിയെത്തിയ ശേഷം ട്രാവൽ എജൻസിയും വാഹനം വാടകയ്ക്ക് കൊടുക്കുന്ന ബിസിനസും ചെയ്തുവരികയായിരുന്നു. ഒന്നര വർഷം മുൻപ് ജിനുവിന്റെ ഒരു വാഹനം അടൂർ സ്വദേശി ശിവശങ്കരപ്പിള്ള വാടകയ്ക്ക് എടുത്ത് മറിച്ചുവിറ്റിരുന്നു. പിന്നീട് ജിനുവും ശിവശങ്കരപ്പിള്ളയും പരിചയത്തിലായി. ശിവശങ്കരപ്പിള്ളയാണ് നജീബിനെ പരിചയപ്പെടുത്തിയത്. പിന്നീട് ജിനു ട്രാവൽ ഏജൻസി നിർത്തി, വാടകയ്ക്ക് എടുക്കുന്ന വാഹനം മറിച്ച് വില്പന നടത്തുന്ന തട്ടിപ്പിനിറങ്ങുകയായിരുന്നു.
നജീബ് വാടകയ്ക്ക് എടുക്കുന്ന വാഹനം ജിനുവിന് കൊടുക്കും. ജിനുവാണ് ശിവശങ്കരപ്പിള്ള വഴി വാഹനം തമിഴ്നാട്ടിൽ കൊടുക്കുന്നത്. ഇതിനു മുന്നേ ജിനു വാഹനത്തിൽ ജി.പി.എസ്. ഘടിപ്പിക്കും. ശിവശങ്കരപ്പിള്ള വാഹനത്തിന് വ്യാജ ആർ.സി. ബുക്ക് നിർമിക്കുകയും ചെയ്യും.
ഒരു വാഹനത്തിന് അയ്യായിരം മുതൽ പതിനായിരം വരെ കമ്മിഷൻ വാങ്ങി സജാദ് ആണ് വാഹനം തമിഴ്നാട്ടിലെത്തിച്ച് വിൽക്കുന്നത്. ശേഷം ഇതേ വാഹനം ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ജി.പി.എസിന്റെ സഹായത്തോടെ സജാദ് തന്നെ വീണ്ടും മോഷ്ടിച്ചു നാട്ടിലെത്തിച്ച് മടക്കി നൽകും.
കളമശ്ശേരി ട്രാൻസ് കാർ എന്ന സ്ഥാപനത്തിൽനിന്ന് വാടകയ്ക്കെടുത്ത കാർ അറസ്റ്റിലാകുന്ന സമയം ഇവരുടെ ൈകയിലുണ്ടായിരുന്നു. ഇത് തമിഴ്നാട്ടിൽ കൊടുക്കാനിരിക്കെയാണ് പിടിയിലായത്.
നജീബ് മട്ടന്നൂർ, തൃപ്പൂണിത്തുറ, മുട്ടം, പറവൂർ, സുൽത്താൻബത്തേരി, ചാലക്കുടി സ്റ്റേഷനുകളിൽ വിസ തട്ടിപ്പിന് മുൻപ് കേസുള്ള ആളാണ്. കടവന്ത്രയിലെ പണമിടപാട് സ്ഥാപനത്തിൽ രണ്ടു തവണയായി 3.22 ലക്ഷം രൂപയ്ക്കും പെരിന്തൽമണ്ണ കരിങ്കൽ അത്താണിയിലെ സ്ഥാപനത്തിൽ രണ്ട് തവണയായി 2.75 ലക്ഷത്തിനും കൂത്താട്ടുകുളത്തെ ഒരു ബാങ്കിൽ 1.55 ലക്ഷം രൂപയ്ക്കും മുക്കുപണ്ടം പണയം െവച്ചതായി നജീബ് സമ്മതിച്ചിട്ടുണ്ട്.
ജിനുവിന് കായംകുളം സ്റ്റേഷനിൽ വണ്ടി തട്ടിപ്പു കേസുള്ളതായി പോലീസ് പറഞ്ഞു.
Content Highlights:vehicle theft three arrested in kalamassery