വാഴക്കുളം: മദ്യലഹരിയില്‍ വാഴക്കുളം ടൗണില്‍ രണ്ടുപേരെ വെട്ടിപ്പരിക്കേല്പിച്ചയാളെ വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തു. ആയവന വെട്ടുകല്ലുംപീടിക വാണിയത്ത് പുത്തന്‍പുരയ്ക്കല്‍ മൂത്താപ്പ എന്നു വിളിക്കുന്ന അരുണ്‍ ബാലകൃഷ്ണന്‍ (38) ആണ് പിടിയിലായത്. പൈനാപ്പിള്‍ വെട്ടാന്‍ ഉപയോഗിക്കുന്ന വാക്കത്തികൊണ്ടായിരുന്നു ആക്രമണം.

ബുധനാഴ്ച ഉച്ചയോടെ വാഴക്കുളം ടൗണിലെ ബാറിന് മുന്‍പിലായിരുന്നു ആദ്യ സംഭവം. കൈയ്ക്കും വയറിനും വെട്ടേറ്റ കാവന വെട്ടിക്കനാക്കുടിയില്‍ വി.വി. നിഖിലിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഖിലിനെ വെട്ടിയശേഷം ഇയാള്‍ തൊട്ടടുത്തുള്ള പൈനാപ്പിള്‍ പാര്‍ക്ക് എന്ന സ്ഥാപനത്തിലെത്തി പൈനാപ്പിള്‍ വ്യാപാരിയായ ഷിജു എന്നയാളെയും വെട്ടാന്‍ ശ്രമിച്ചു. നാലുപ്രാവശ്യം വെട്ടിയെങ്കിലും ഷിജു കസേരയെടുത്ത് തടഞ്ഞ് രക്ഷപെടുകയായിരുന്നു. ഷിജുവിന് വിരലുകള്‍ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. പിന്നീട് അരുണ്‍ ഓടി രക്ഷപെട്ടു. അരുണ്‍ കടുത്ത മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് സംഭവസമയത്ത് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു. നിഖിലിന്റെ ബന്ധുവിന് അരുണ്‍ പണം നല്‍കാനുണ്ടായിരുന്നത് ചോദിച്ചതാണ് പ്രകോപനകാരണമെന്ന് കരുതുന്നു.

മുന്‍പ് ചില കേസുകളുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുള്ളയാളാണ് അരുണ്‍. ഇയാളെ ചോദ്യംചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് വാഴക്കുളം പോലീസ് അറിയിച്ചു.