കൊച്ചി: അമ്മയുടെ കരൾമാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധപ്രവർത്തകർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഫിറോസ് കുന്നംപറമ്പിലിനെ പോലീസ് ചോദ്യംചെയ്യും. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ സന്നദ്ധപ്രവർത്തകനായ ഫിറോസിനും മറ്റ് മൂന്നുപേർക്കുമെതിരേ ചേരാനല്ലൂർ പോലീസാണ് കേസെടുത്തത്. കേസിൽ ഹവാല, കുഴൽപ്പണ ഇടപാട് അടക്കം സംശയിക്കുന്നതിനാൽ ഫിറോസിനെയും മറ്റുള്ളവരെയും ചോദ്യംചെയ്ത് വിവരങ്ങൾ തേടാനാണ് പോലീസിന്റെ പദ്ധതി.

ജൂൺ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യർഥിച്ച് വർഷയെന്ന പെൺകുട്ടി ഫെയ്സ്ബുക്ക് ലൈവിൽ എത്തുന്നത്. വർഷയ്ക്ക് സഹായവുമായി സോഷ്യൽ മീഡിയയിലൂടെ സന്നദ്ധപ്രവർത്തനം നടത്തുന്ന തൃശ്ശൂർ സ്വദേശി സാജൻ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. വലിയ തുക അക്കൗണ്ടിലേക്കു വന്നപ്പോൾ ജോയന്റ് അക്കൗണ്ട് വേണമെന്ന് വർഷയോട് സന്നദ്ധപ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിന് പെൺകുട്ടി സമ്മതിക്കാഞ്ഞതോടെ നിരന്തരം ഭീഷണിമുഴക്കി. ഫിറോസും പെൺുട്ടിയെ വിളിച്ച് ഇതേ ആവശ്യം ഉന്നയിച്ചതായി പറയുന്നു.

ഫിറോസും സാജനും തമ്മിലുള്ള ബന്ധവും പോലീസ് അന്വേഷിക്കും. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇടപ്പള്ളി സ്വദേശികളായ അരുൺ വിജയൻ, ടി.എ. ഫൈസൽ എന്നിവർ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

പെൺകുട്ടിയുടെയും അമ്മയുടെയും അക്കൗണ്ടിലേക്ക് 1.35 കോടി എത്തിയെന്നാണ് പോലീസ് പറയുന്നത്. 10 ലക്ഷത്തിലേറെ രൂപവരെ നൽകിയവരുണ്ട്.

ഒത്തുതീർപ്പിനായി ഫിറോസിന്റെ ഫോൺവിളി

കൊച്ചി: അമ്മയുടെ കരൾമാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധപ്രവർത്തകർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒത്തുതീർപ്പിനായി ഫിറോസ് കുന്നംപറമ്പിലിന്റെ ഇടപെടൽ. വർഷയെന്ന പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഫിറോസ് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

സോഷ്യൽ മീഡിയയിലൂടെ സന്നദ്ധപ്രവർത്തനം നടത്തുന്ന തൃശ്ശൂർ സ്വദേശി സാജൻ കേച്ചേരി വർഷയിൽനിന്ന് പണം ആവശ്യപ്പെട്ടത് ഫിറോസ് ന്യായീകരിക്കുകയാണ്. സാജൻ ചെയ്ത വീഡിയോ താനടക്കം ഷെയർ ചെയ്തതുകൊണ്ടാണ് ഇത്രവലിയ തുക അക്കൗണ്ടിലേക്കു വന്നതെന്നാണ് ഫിറോസ് പറയുന്നത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുൻമന്ത്രി പി.കെ. ശ്രീമതിയും സാസാരിച്ചിരുന്നെന്നും ഇവർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ടെന്നും ഇതുവഴിയും ഫണ്ട് വന്നിട്ടുണ്ടെന്നും വർഷ പറയുന്നുണ്ട്.

എന്നാൽ, ഇവരാരുടെയും പിന്തുണയില്ലാതെ കോടികൾ അക്കൗണ്ടുകളിൽ വന്നിട്ടുണ്ടെന്നും തങ്ങളെ വിശ്വസിച്ചാണ് ജനങ്ങൾ പണം നൽകുന്നതെന്നുമാണ് ഫിറോസിന്റെ വാദം. ചികിത്സകഴിഞ്ഞുള്ള ബാക്കി പണം മറ്റുള്ളവരുടെ ചികിത്സയ്ക്കായി നൽകണം. ഇത്തരത്തിൽ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ വർഷയുടെ പേരിൽ സ്വകാര്യ ആശുപത്രിയിൽ ഒരാൾ ചികിത്സയ്ക്കായി അഡ്മിറ്റായി എന്ന് ഫിറോസ് പറയുന്നുണ്ട്. എന്നാൽ, തന്റെപേരിൽ ആരും അഡ്മിറ്റായിട്ടില്ലെന്നാണ് വർഷ പറയുന്നത്.

Content Highlights:varsha firoz kunnamparambil fund raising controversy and police case