തിരുവനന്തപുരം: കല്ലമ്പലം മുത്താനയില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കല്ലമ്പലം സ്വദേശികളായ സുരേഷ്ബാബു, കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് ഇരുവരും സ്ഥലത്തുണ്ടായിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെയും ഫൊറന്‍സിക് സംഘത്തിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. 

സംഭവത്തില്‍ ദക്ഷിണമേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. യുവതിയുടെ മൊഴിയനുസരിച്ച് പ്രതികളുടെ രേഖാചിത്രങ്ങളും തയ്യാറാക്കിയിരുന്നു. സംഭവസ്ഥലത്ത് പ്രതികളുടെ സംശയകരമായ സാന്നിധ്യവും നിര്‍ണായകമായി. അറസ്റ്റിലായ രണ്ട് പ്രതികളെയും ബുധനാഴ്ച സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. 

ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ബന്ധുവീട്ടിലേക്ക് കുളിക്കാന്‍ പോയ യുവതിക്ക് നേരേ പീഡനശ്രമമുണ്ടായത്. കുളിക്കാനും തുണി അലക്കാനുമായി സമീപത്തെ ബന്ധുവീട്ടില്‍ യുവതി ദിവസവും പോകാറുണ്ട്. ഇവിടെയുള്ളവര്‍ ജോലിക്കു പോയതിനാല്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുളിപ്പുരയ്ക്കു സമീപം നിന്ന് തുണി അലക്കുകയായിരുന്നു യുവതി. ഈ സമയം വീടു തിരക്കി അപരിചിതനായ ഒരാള്‍ എത്തി മടങ്ങി. കുറച്ചു സമയത്തിനു ശേഷം പ്രതികള്‍ വീട്ടിലേക്ക് അതിക്രമിച്ചെത്തിയാണ് യുവതിയെ ആക്രമിച്ചത്. 

ഒച്ചവയ്ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷമായിരുന്നു അക്രമം. കൈകള്‍ കെട്ടിയിടുകയും ചെയ്തു. ആക്രമണത്തിനിടെ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടപ്പെട്ടു. ഇതോടെ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. 

സമയം കഴിഞ്ഞിട്ടും യുവതി മടങ്ങിയെത്താത്തിനെത്തുടര്‍ന്ന് അമ്മ ഈ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളെയും കല്ലമ്പലം പോലീസിനെയും വിവരമറിയിച്ചു. തലയ്ക്ക് പരിക്കേറ്റ യുവതിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

Content Highlights: varkkala kallambalam rape attempt case two accused arrested