പത്തനംതിട്ട : അഭയ കേസ് ആത്മഹത്യയെന്ന് എഴുതിത്തള്ളാന്‍ കടുത്ത സമ്മര്‍ദം ഉണ്ടായിട്ടും അതിന് വഴങ്ങാതെ സ്വയം വിരമിച്ച വര്‍ഗീസ് പി. തോമസിന് ഇപ്പോള്‍ ഒന്നേ പറയാനുള്ളു. 'അങ്ങേയറ്റം സന്തോഷം. നീതി നടപ്പായി.' പത്തനംതിട്ടയിലെ പ്രമാടത്ത് വിശ്രമജീവിതത്തിലാണ് അദ്ദേഹം.

* സി.ബി.ഐ. ഏറ്റെടുത്തപ്പോള്‍ താങ്കളായിരുന്നു ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്തായിരുന്നു വെല്ലുവിളി ?

ക്രൈംബ്രാഞ്ച് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ്. നിരവധി തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. കുറേ രേഖകള്‍ അവര്‍ കത്തിച്ചുകളഞ്ഞിരുന്നു എന്നാണ് വിവരം. ചില ചിത്രങ്ങള്‍പോലും നശിപ്പിക്കപ്പെട്ടു. അന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ക്രൈംബ്രാഞ്ച് എസ്.പി. മൈക്കിളിനും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പിക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. പക്ഷേ, പ്രാഥമികാന്വേഷണത്തില്‍തന്നെ കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ എനിക്ക് ലഭിച്ചു.

* എന്തായിരുന്നു സൂചനകള്‍ ?

അഭയയുടെ ശരീരത്തിലെ പരിക്കുകള്‍തന്നെ പ്രധാനം. ഉച്ചിയില്‍ ആറ് സെന്റീമീറ്റര്‍ മുറിവുണ്ടായിരുന്നു. തല മുകളിലും കാല് താഴെയുമായാണ് കിണറ്റില്‍ വീണിരുന്നത് . അങ്ങനെയുള്ള വീഴ്ചയില്‍ ഇങ്ങനെയൊരു മുറിവ് ഉണ്ടാകില്ല. കോണ്‍വെന്റിന്റെ വര്‍ക്ക് ഏരിയയില്‍ സ്ഥിരമായി സൂക്ഷിച്ചിരുന്ന കൈക്കോടാലി കാണാനുണ്ടായിരുന്നില്ല. എവിടെ പോയി എന്ന് പിന്നീട് ആര്‍ക്കും കണ്ടെത്താനായിട്ടില്ല. അടയ്ക്കാ രാജുവിന്റെ മൊഴിയാണ് മറ്റൊന്ന്. അടുത്തുള്ള ദേവാലയത്തിലെ വാച്ചറുടെ മൊഴി വൈദികന്‍ മതില്‍ചാടിക്കടന്ന് കോണ്‍വെന്റില്‍ പ്രവേശിച്ചു എന്ന് വ്യക്തമാക്കുന്നതായിരുന്നു. അസമയത്ത് വൈദികര്‍ കോണ്‍വെന്റില്‍ എത്തേണ്ട കാര്യമില്ലല്ലോ. കൊലപാതകമാണെന്ന് ബോധ്യമായതോടെ പ്രതികളിലേക്ക് നീങ്ങാന്‍ കൃത്യമായ സൂചനകളായിരുന്നു ഇവയെല്ലാം.

*എന്തായിരുന്നു കൊലപാതകത്തിനുള്ള പ്രേരണ ?

സിസ്റ്റര്‍ സെഫിയും ഫാ. തോമസ് കോട്ടൂരും തമ്മിലുള്ള അടുത്ത സൗഹൃദം വ്യക്തമായിരുന്നു. പള്ളിയുടെ അധീനതയിലുള്ള പ്രസ്സിന്റെ നടത്തിപ്പ് തോമസ് കോട്ടൂരിനായിരുന്നു. സെഫി അവിടെ ജോലി ചെയ്തിരുന്നു. ഇവരുടെയൊക്കെ സാന്നിധ്യം സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്ന് ഉറപ്പിക്കാവുന്ന സാക്ഷിമൊഴികള്‍ ലഭിച്ചിരുന്നു

* കേസ് ആത്മഹത്യയാണെന്ന് എഴുതിത്തള്ളണമെന്ന സമ്മര്‍ദം മേലുദ്യോഗസ്ഥനില്‍നിന്നുണ്ടായിരുന്നു എന്ന് താങ്കള്‍ തുറന്ന് പറഞ്ഞിരുന്നല്ലോ ?

കേസ് അന്വേഷണകാലത്ത് ഞാന്‍ എറണാകുളം സി.ബി.ഐ. യൂണിറ്റില്‍ ഡിവൈ.എസ്.പി.യാണ്. എസ്.പിയായിരുന്ന വി. ത്യാഗരാജന് ആത്മഹത്യയെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിനപ്പുറത്തേക്ക് പോകേണ്ട എന്നായിരുന്നു നിലപാട്. ആ രീതിയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അദ്ദേഹം സമ്മര്‍ദം ചെലുത്തി. താങ്കള്‍ എന്തിനാണ് സി.ബി.ഐ.യുടെ വിലയേറിയ സമയം പാഴാക്കുന്നത് എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിനപ്പുറം കാര്യങ്ങള്‍ എന്റെ അന്വഷണത്തില്‍ തെളിഞ്ഞിട്ടുണ്ടല്ലോ എന്ന് ഞാന്‍ മറുപടി പറഞ്ഞു.

*ത്യാഗരാജന്‍ സമ്മര്‍ദം ചെലുത്താന്‍ കാരണം ?

വലിയ അന്വേഷണത്തിന് സാധ്യതയില്ലാത്ത ചില കേസുകള്‍ സി.ബി.ഐ. എല്ലാ വര്‍ഷവും അവസാനിപ്പിക്കാറുണ്ട്. ഇതും ആ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം ഉദ്ദേശിച്ചിരിക്കാം. അതല്ലാതെ മറ്റെന്തെങ്കിലും താത്പര്യങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നോ എന്നതിനേക്കുറിച്ച് എനിക്ക് അറിയില്ല. ചെന്നെയിലെ ഡി.ഐ.ജി.യോ ഡല്‍ഹിയിലെ സി.ബി.ഐ. ആസ്ഥാനമോ ഒരിക്കലും അന്വേഷണത്തില്‍ ഇടപെടുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിട്ടില്ല. അവര്‍ അന്വേഷണത്തെ അനുകൂലിച്ചിരുന്നു.

*സര്‍വീസ് ബാക്കിയിരിക്കേ സ്വയം വിരമിക്കുകയായിരുന്നല്ലോ ?

ആത്മഹത്യയെന്ന നിലയില്‍ കേസ് അവസാനിപ്പിക്കാന്‍ എസ്.പി.യുടെ സമ്മര്‍ദം. അത്തരത്തിലുള്ള റിപ്പോര്‍ട്ട് ഞാന്‍തന്നെ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കാരണവശാലും അന്വേഷണത്തിലെ കണ്ടെത്തലിന് വിരുദ്ധമായി ആരു പറഞ്ഞാലും റിപ്പോര്‍ട്ട് നല്‍കില്ലെന്ന് അദ്ദേഹത്തോട് തീര്‍ത്തുപറഞ്ഞു. വഴങ്ങാതായപ്പോള്‍ ഒറ്റപ്പെടുത്തി. കേസുകളില്‍ ഒത്തുതീര്‍പ്പ് നിലപാടുകള്‍ എനിക്കില്ല. സര്‍വീസില്‍ എന്റെ ബാച്ചില്‍പ്പെട്ടവര്‍ ഡി.ഐ.ജി. തലം വരെ എത്തി. പത്തുവര്‍ഷം ബാക്കിനില്‍ക്കെയാണ് സ്വയം വിരമിക്കുന്നത്. അതില്‍ വിഷമം ഒന്നുമില്ല. എന്റെ ഒപ്പം ട്രെയിനിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് നന്ദകുമാരന്‍ നായര്‍. ഞാന്‍ നടത്തിയ അഭയകേസിന്റെ അന്വേഷണം അദ്ദേഹം പൂര്‍ത്തീകരിച്ചത് ഏറെ സന്തോഷം നല്‍കുന്നു.

Content Highlights: vargheese p thomas abhaya case