വണ്ണപ്പുറം: മൃഗാശുപത്രിയിലെ വിജിലന്‍സിന്റെ പരിശോധനയ്ക്കിടയില്‍ ഡോക്ടര്‍ പണം വാഷ്‌ബേസിനിലേക്ക് വലിച്ചെറിഞ്ഞു. വണ്ണപ്പുറം മൃഗാശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. 

പരിശോധനയ്‌ക്കെത്തുന്നതുകണ്ട് ഡോക്ടര്‍ പണം വലിച്ചെറിയുകയായിരുന്നുവെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. 2500 രൂപ ഉണ്ടായിരുന്നു. ഈ പണം കസ്റ്റഡിയിലെടുത്തു. പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ട്. ആശുപത്രിയിലെ രേഖകളുടെ പകര്‍പ്പും ശേഖരിച്ചു. രേഖകളില്‍ അവ്യക്തതയുണ്ടെന്ന് സംഘം അറിയിച്ചു. നിലവില്‍ കേസെടുത്തിട്ടില്ല.

നിരന്തരം പരാതിയുള്ള ഓഫീസുകളിലാണ് പരിശോധന നടത്തിയതെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി. രവികുമാര്‍ പറഞ്ഞു. സി.ഐ. വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി മൃഗാശുപത്രികളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയിരുന്നു.