തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ കിടപ്പുരോഗിയായ വീട്ടമ്മയെയും യുവതിയായ മകളെയും ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ രണ്ടാം പ്രതിക്കും വധശിക്ഷ. 57-ാം മൈല്‍ പരുവേലിപ്പറമ്പില്‍ വീട്ടില്‍ ജോമോനെയാണ് തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.കെ. സുജാത വധശിക്ഷയ്ക്കു വിധിച്ചത്.

കൂടാതെ, വിവിധ കുറ്റങ്ങക്ക് 30 വര്‍ഷം തടവും 10,000 രൂപ പിഴ ശിക്ഷയുമുണ്ട്. ഒന്നാം പ്രതിയായ വണ്ടിപ്പെരിയാര്‍ ചുരക്കുളം പുതുവലില്‍ രാജേന്ദ്രനും മുമ്പ് ഈ കോടതി വധശിക്ഷ വിധിച്ചിരുന്നു.

2007 ഡിസംബര്‍ രണ്ടിനു രാത്രി 11നും പുലര്‍ച്ച അഞ്ചിനുമിടയിലാണ് വണ്ടിപ്പെരിയാറില്‍ അമ്മയും മകളും ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവും സഹോദരനും സംഭവ ദിവസം വീട്ടിലില്ലെന്നു പ്രതികള്‍ മനസ്സിലാക്കിയിരുന്നു. രാത്രി ഇവിടെയെത്തിയ പ്രതികള്‍ സഹോദരന്‍ പേരു ചൊല്ലി വിളിച്ചിട്ട്, കതകുതുറക്കാന്‍ ആവശ്യപ്പെട്ടു.

സഹോദരനില്ലെന്നു പറഞ്ഞ യുവതി കതകുതുറക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ, പുറത്തുകിടന്ന അമ്മിക്കുഴി കൊണ്ട് കതകു തകര്‍ത്ത് പ്രതികള്‍ അകത്തു കയറി. അയയില്‍ കിടന്ന തോര്‍ത്ത്  കൊണ്ട് യുവതിയുടെ കഴുത്തില്‍ മുറുക്കി ബോധം കെടുത്തിയശേഷം രാജേന്ദ്രന്‍ ബലാത്സംഗം ചെയ്തു. രോഗം വന്നു കിടക്കുകയായിരുന്ന യുവതിയുടെ അമ്മയെ ജോമോനും ബലാത്സംഗം ചെയ്തു.

ഇതിനിടയില്‍ ബോധം തിരിച്ചുകിട്ടിയ യുവതി കമ്പിവടി കൊണ്ട് ഇവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. രാജേന്ദ്രന്‍ കമ്പിവടി പിടിച്ചുവാങ്ങി യുവതിയുടെ കഴുത്തിലും തലയിലും അടിച്ചു. ജോമോന്‍ വാക്കത്തി ഉപയോഗിച്ച് അമ്മയെയും മകളെയും വെട്ടി. മുട്ടുകാലു വെച്ച് ആറാം വാരി ഇടിച്ചൊടിച്ചു. മരണം ഉറപ്പായതിനു ശേഷവും പ്രതികള്‍ ഇവരെ മാറി മാറി ലൈംഗികമായി പീഡിപ്പിച്ചതായാണു കേസ്. അടുത്തദിവസം വൈകുന്നേരം യുവതിയുടെ ഏഴു മാസം പ്രായമായ കുത്ത് ഈഴഞ്ഞു പുറത്തിറങ്ങി വിശന്നു കരഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രക്തത്തില്‍ കുളിച്ച് പൂര്‍ണ നഗ്നമായ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

കൊലപാതകത്തിനു ശേഷം പ്രതികളെ പോലീസ് പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ ജോമോന്‍ മുങ്ങി. ഇതിനിടെ വിചാരണ പൂര്‍ത്തിയാക്കി കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന്, ഒന്നാംപ്രതി രാജേന്ദ്രനെ 2012 ജൂണ്‍ 20-ന് രണ്ടാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്കു വിധിച്ചു.

അടുത്ത ദിവസം തന്നെ ജോമോനെ പെരിഞ്ചാംകുട്ടിയില്‍ നിന്നു പിടികൂടുകയായിരുന്നു. വധശിക്ഷയെതിരേ രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ അപ്പില്‍ നല്‍കിയെങ്കിലും 2018 ഒക്ടോബര്‍ 30-ന് ഹൈക്കോടതി ശിക്ഷ ശരിവെച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് നിര്‍ണായകമായത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ അഡ്വ. ഇ.എ.റഹീമാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.

Content Highlight: vandiperiyar rape case