ഇടുക്കി: വണ്ടിപ്പെരിയാര്‍ കൊലക്കേസില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ നാടകീയ രംഗങ്ങള്‍. പ്രതി അര്‍ജുനെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പ്രതിയെ കണ്ട് പൊട്ടിത്തെറിച്ച നാട്ടുകാര്‍ ഉച്ചത്തില്‍ ചീത്തവിളിച്ചു. പ്രതിയെ കൈയേറ്റം ചെയ്യാനും മുതിര്‍ന്നു. ഇതിനിടെ നാട്ടുകാരിലൊരാള്‍ അര്‍ജുന്റെ കരണത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് പ്രതിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയത്. 

ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇത് രണ്ടാംതവണയാണ് പ്രതിയുമായി പോലീസ് പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ തെളിവെടുപ്പിനിടെ നാട്ടുകാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് ഇത്തവണയും കനത്ത പോലീസ് കാവലിലാണ് പ്രതിയെ എത്തിച്ചത്. എന്നാല്‍ നിയന്ത്രണം നഷ്ടമായ നാട്ടുകാര്‍ പോലീസ് വലയം ഭേദിച്ചും പ്രതിയെ കൈയേറ്റം ചെയ്യാന്‍ മുതിരുകയായിരുന്നു. 

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പാണ് ഞായറാഴ്ച നടത്തിയത്. പീഡനശ്രമത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ വീട്ടിലെ പഴക്കുല തൂക്കുന്ന കയറിലാണ് അര്‍ജുന്‍ ഷാള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കി കൊന്നത്. ശേഷം വീടിന്റെ ജനല്‍ വഴി രക്ഷപ്പെടുകയായിരുന്നു. ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പില്‍ പ്രതി ഇതെല്ലാം അന്വേഷണസംഘത്തിന് മുന്നില്‍ വിവരിച്ചു.

അതിനിടെ, പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. അശ്ലീലചിത്രങ്ങള്‍ക്ക് അടിമയായ അര്‍ജുന്‍, മറ്റുപെണ്‍കുട്ടികളെ ഇത്തരത്തില്‍ പീഡനത്തിനിരയാക്കിയോ എന്നതും അന്വേഷിച്ചുവരികയാണ്. ജൂലായ് 13 വരെയാണ് തൊടുപുഴ പോക്‌സോ കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 

Content Highlights: vandiperiyar rape and murder case evidence taking with accused and protest by locals