ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസ്സുകാരിയെ പ്രതിയായ അർജുൻ ഒരുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ്. എസ്റ്റേറ്റ് ലയത്തിൽ താമസിച്ചിരുന്ന പെൺകുട്ടിയെ മാതാപിതാക്കളില്ലാത്ത തക്കം നോക്കിയാണ് പ്രതി പീഡിപ്പിച്ചിരുന്നത്. ജൂൺ 30-നും ഇത്തരത്തിൽ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ കുട്ടി ബോധരഹിതയാവുകയായിരുന്നു. ഇതോടെ പെൺകുട്ടിയെ പ്രതി കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

കേസിൽ അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, തിങ്കളാഴ്ച രാവിലെ പ്രതിയുമായി എസ്റ്റേറ്റ് ലയത്തിൽ തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് വൻ സുരക്ഷാസന്നാഹത്തോടെയാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.

പെൺകുട്ടിയും കുടുംബവും താമസിക്കുന്നതിന്റെ രണ്ട് മുറികൾക്കപ്പുറമാണ് അർജുനും താമസിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് ആരുമറിയാതെയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. ഇയാൾ അശ്ലീലവീഡിയോകൾക്ക് അടിമയാണെന്നും പോലീസ് പറയുന്നുണ്ട്.

ജൂൺ 30-നാണ് ആറ് വയസ്സുകാരിയെ കഴുത്തിൽ ഷാൾ കുരുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ അപകടം സംഭവിച്ച് മരിച്ചതാകാമെന്നായിരുന്നു പ്രാഥമികനിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പെൺകുട്ടി ലൈംഗികപീഡനത്തിനിരയായെന്ന സംശയം പ്രകടിപ്പിച്ചതോടെ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് അർജുനടക്കം അയൽക്കാരായ നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇതോടെയാണ് സംഭവം കൊലപാതകമാണെന്നും പ്രതി അർജുനാണെന്നും വ്യക്തമായത്.

പെൺകുട്ടിയുടെ മരണശേഷവും ആർക്കും യാതൊരു സംശയവും തോന്നാത്തരീതിയിലായിരുന്നു അർജുന്റെ പെരുമാറ്റമെന്ന് നാട്ടുകാർ പറഞ്ഞു. പെൺകുട്ടിയുടെ മരണവിവരമറിഞ്ഞ് ഇയാൾ പൊട്ടിക്കരഞ്ഞിരുന്നു. സംസ്കാര ചടങ്ങിലും ഏറെ ദുഃഖത്തോടെയാണ് പങ്കെടുത്തത്. അതിനാൽ തന്നെ അർജുൻ ഇത്തരത്തിലൊരു ക്രൂരത ചെയ്യുമെന്ന് സമീപവാസികളാരും സംശയിച്ചതുമില്ല.

കൊല്ലപ്പെട്ട പെൺകുട്ടി തങ്ങൾക്കെല്ലാം ഏറെ പ്രിയപ്പെട്ടവളായിരുന്നുവെന്നാണ് സമീപവാസികളായ സ്ത്രീകളടക്കമുള്ളവർ പ്രതികരിച്ചത്. എസ്റ്റേറ്റിൽ കളിച്ചുചിരിച്ചു നടന്ന അവളുടെ മുഖമാണ് ഏവരുടെയും മനസിൽ. എന്നാൽ ക്രൂരപീഡനത്തിന്റെ വേദനകളേറ്റാണ് അവൾ മരിച്ചതെന്ന വിവരം സമീപവാസികളെയും ദുഃഖത്തിലാഴ്ത്തി.

Content Highlights:vandiperiyar girl rape and murder case