വള്ളികുന്നം(ആലപ്പുഴ): പത്തൊന്‍പതുകാരിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ സ്ത്രീധനപീഡനത്തിന് അറസ്റ്റില്‍. വള്ളികുന്നം കടുവിനാല്‍ ലക്ഷ്മിഭവനത്തില്‍ ഉത്തമന്‍ (51), ഭാര്യ സുലോചന (47) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മകനും സൈനികനുമായ വിഷ്ണുവിന്റെ ഭാര്യ സുചിത്ര(19)യെ ജൂണ്‍ 22-നാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മാനസികമായി പീഡിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് സുചിത്ര ആത്മഹത്യചെയ്തതെന്നു തെളിഞ്ഞതിനാലാണ് അറസ്റ്റെന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ഡോ. ആര്‍. ജോസ് പറഞ്ഞു.

മാര്‍ച്ച് 21-നായിരുന്നു വിവാഹം. ഒരുമാസം കഴിഞ്ഞ് വിഷ്ണു ജോലിസ്ഥലമായ ഉത്തരാഖണ്ഡിലേക്കു പോയി. ഭാര്യ ആത്മഹത്യചെയ്ത തൊട്ടടുത്തദിവസം വിഷ്ണു നാട്ടിലെത്തി. സ്ത്രീധനമായി കൂടുതല്‍ പണം ആവശ്യപ്പെട്ടും സ്വര്‍ണം ലോക്കറില്‍ സൂക്ഷിക്കുന്നതിനെച്ചൊല്ലിയും മകളെ ഭര്‍ത്തൃവീട്ടുകാര്‍ ശല്യപ്പെടുത്തിയിരുന്നതായി സുചിത്രയുടെ അമ്മ സുനിത പോലീസിനു മൊഴിനല്‍കിയിരുന്നു. അച്ഛന്‍ കൃഷ്ണപുരം തെക്ക് കൊച്ചുംമുറി വീട്ടില്‍ സുനില്‍ സൈനികനാണ്.

അറസ്റ്റിലായ ഉത്തമനെയും സുലോചനയെയും കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.