ഫ്ളോറിഡ: കാമുകിയുടെ മോതിരം ഉൾപ്പെടെയുള്ള ആഭരണങ്ങൾ മോഷ്ടിച്ച് മറ്റൊരു കാമുകിയ്ക്ക് സമ്മാനിച്ച 48-കാരനെ തേടി പോലീസ് അന്വേഷണം. ഫ്ളോറിഡയിലെ ജോസഫ് ഡേവിസിനെ(48)തിരെയാണ് വൊലുസിയ കൗണ്ടി ഷെറീഫ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാളുടെ വഞ്ചനയിൽപ്പെട്ട രണ്ട് യുവതികളിൽനിന്നും പോലീസ് മൊഴിയെടുത്തു.

ഫ്ളോറിഡ ഓറഞ്ച് സിറ്റിയിലെ യുവതിയാണ് ജോസഫ് ഡേവിസിന്റെ വലയിൽ വീണ ആദ്യയുവതി. യുവതിക്ക് വിവാഹനിശ്ചയ സമയത്ത് മോതിരവും പിന്നാലെ വെഡ്ഡിങ് ബാൻഡും നൽകിയിരുന്നു. ഇതിനുശേഷമാണ് ജോസഫിന് ഒർലാൻഡോ സ്വദേശിയായ മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്ന് ഇവർക്ക് സംശയം തോന്നിയത്. തുടർന്ന് ഈ യുവതിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ആദ്യ കാമുകി വിശദമായി പരിശോധിച്ചു. ഫെയ്സ്ബുക്കിലെ ഫോട്ടോയിൽനിന്ന് തന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ തന്നെയാണ് ഈ യുവതിയും ധരിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. വീട്ടിലെ ആഭരണപ്പെട്ടി പരിശോധിച്ചപ്പോൾ എല്ലാം കാലിയായിരുന്നു. ഇതോടെയാണ് തന്റെ കൈവശമുണ്ടായിരുന്ന 6270 ഡോളർ വിലവരുന്ന(ഏകദേശം 4.5 ലക്ഷം രൂപ) ആഭരണങ്ങൾ കാമുകൻ മോഷ്ടിച്ചതാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ജോസഫിന്റെ പുതിയ കാമുകിയെ ഇവർ നേരിട്ട് ബന്ധപ്പെടുകയും ഏതാനും ആഭരണങ്ങൾ തിരികെലഭിക്കുകയും ചെയ്തു. ഓറഞ്ച് സിറ്റി സ്വദേശിയായ യുവതി സമീപിച്ചപ്പോഴാണ് താനും വഞ്ചിക്കപ്പെട്ടതായി ഒർലാൻഡോ സ്വദേശിയും തിരിച്ചറിഞ്ഞത്.

ജോയ് ബ്രൗൺ, മാർക്കസ് ബ്രൗൺ എന്നീ പേരുകളിലാണ് ജോസഫ് ഇരുവരെയും പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഒരിക്കൽ ഓറഞ്ച് സിറ്റിയിലെ യുവതിയുടെ വീട്ടിലേക്ക് പുതിയ കാമുകിയെയും ജോസഫ് കൊണ്ടുവന്നിരുന്നു. ആദ്യകാമുകി വീട്ടിലില്ലാത്ത സമയത്താണ് ജോസഫ് പുതിയ കാമുകിയുമായി എത്തിയത്. വീടും സ്വത്തുമെല്ലാം തന്റേതാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷം പുതിയ കാമുകിയുടെ ലാപ്ടോപ്പ് അടക്കം കൈക്കലാക്കി ഇയാൾ മുങ്ങിയെന്നാണ് വിവരം.

ജോസഫ് ഡേവിസിനെതിരേ നേരത്തെയും ചില കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പോലീസ് അറിയിച്ചു. വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ അറസ്റ്റ് വാറന്റും നിലനിൽക്കുന്നുണ്ട്. നേരത്തെ വ്യാജ രേഖ ചമച്ചതിനും കൊക്കൈയ്ൻ കൈവശംവെച്ചതിനും ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Content Highlights:florida man stolen lovers engagement ring and given to new girlfriend