വളാഞ്ചേരി: ആതവനാട് കഞ്ഞിപ്പുരയിലെ ചോറ്റൂര്‍ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തിനെ (21) കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയ സംഭവത്തില്‍ റിമാന്‍ഡിലായ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വീണ്ടും തെളിവെടുപ്പ് നടത്തി. ഫര്‍ഹത്തിന്റെ അയല്‍ക്കാരനും പ്രതിയുമായ വരിക്കോടന്‍ അന്‍വറി(38)നെ കൃത്യം നടത്തിയ സ്ഥലത്ത് പോലീസ് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീണ്ടുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. മൂന്നുദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിട്ടുള്ളത്.

യുവതിയുടെ ഷോള്‍ഡര്‍ബാഗ്, മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച കൈക്കോട്ട്, പ്രതിയുടെ വസ്ത്രങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു. യുവതിയുടെ മൊബൈല്‍ഫോണ്‍ ചെങ്കല്‍ക്വാറിയിലെ കുഴല്‍ക്കിണറില്‍ ഉപേക്ഷിച്ചതായി പ്രതി പറഞ്ഞു. ഫോണ്‍ കുഴല്‍ക്കിണറിലേക്കിട്ടശേഷം മുകളില്‍ കല്ലുകള്‍ ഇട്ടെന്നും പ്രതി പറഞ്ഞു. അഞ്ഞൂറടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് കയര്‍ ഇറക്കി പരിശോധിച്ചെങ്കിലും മുപ്പതുമീറ്റര്‍ ആഴത്തിലേ കയര്‍ എത്തിയിരുന്നുള്ളൂ. അതിനാല്‍ ഫോണ്‍ വീണ്ടെടുക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച കൈക്കോട്ട് അടുത്ത പറമ്പില്‍നിന്ന് പ്രതി പോലീസിന് എടുത്തുകൊടുത്തു. കൃത്യം നടത്തുന്ന സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇയാളുടെ വീട്ടില്‍നിന്ന് ഏതാനും മീറ്ററുകള്‍ക്കപ്പറത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍നിന്നാണ് പോലീസ് കണ്ടെടുത്തത്. പോലീസ് നായ പരിശോധിക്കാനെത്തിയാല്‍ പിടിക്കപ്പെടാതിരിക്കാനാണ് വസ്ത്രങ്ങള്‍ ദൂരെ ഉപേക്ഷിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. യുവതി ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ അടുത്ത ദിവസം വീണ്ടെടുക്കുമെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്കുശേഷം ക്വാറിയില്‍ കുഴിച്ചിട്ട യുവതിയുടെ ഷോള്‍ഡര്‍ബാഗ് പ്രതിതന്നെ പുറത്തെടുത്തു.

വളാഞ്ചേരി സ്റ്റേഷന്‍ എസ്.എച്ച്.ഒ പി.എം. ഷമീറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ മുഹമ്മദ്റാഫി, പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒമാരായ രാജേഷ്, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പ് നടത്തിയത്.