വളാഞ്ചേരി: ആതവനാട് കഞ്ഞിപ്പുര ചോറ്റൂർ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറാ ഫർഹത്തി(21)നെ അയൽവാസി വരിക്കോടൻ അൻവർ കൊലപ്പെടുത്തി ചാക്കിൽ കുഴിച്ചിട്ട സ്ഥലം തെളിവെടുപ്പിന്റെ ഭാഗമായി പോലീസിന് കാണിച്ചുകൊടുക്കാൻ എത്തിച്ചതോടെ ചെങ്കൽക്വാറിയുടെ പരിസരം ജനസാഗരമായി മാറി. തെളിവെടുപ്പിന് നാട് മുഴുവൻ സാക്ഷിയാവുകയായിരുന്നു.

മാർച്ച് പത്തിന് കാണാതായ ഫർഹത്തിനുവേണ്ടി നാട്ടുകാർ നാടുമുഴുവൻ അരിച്ചുപെറുക്കി തിരയുമ്പോൾ അവർക്കിടയിൽ സജീവമായി അൻവറുമുണ്ടായിരുന്നു. അന്ന് ആർക്കും ഇയാളെക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല.

മീറ്ററുകൾപ്പുറത്തെ വീട്ടുകാരനായ അയൽവാസി ഇത്തരത്തിൽ കടുംകൈ ചെയ്യില്ലെന്ന നാട്ടുകാരുടെയും വീട്ടുകാരുടെയും വിശ്വാസമാണ് നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതായത്.

2019 മാർച്ചിൽ ലോക്ഡൗണിനുമുമ്പ് ഫർഹത്ത് വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ സഹായിയായി ജോലിക്കുപോയിരുന്നു. ലോക്ഡൗൺ വന്നതോടെ ജോലിക്കുപോയിരുന്നില്ല. ഏതാനും മാസങ്ങൾക്കുമുമ്പാണ് ഇവർ വീണ്ടും ജോലിക്കു പോയിത്തുടങ്ങിയത്. അതിനിടെയാണ് മാർച്ച് പത്തിന് യുവതിയെ കാണാതായത്. വിവരമറിഞ്ഞ് വിദേശത്തായിരുന്ന ഉപ്പ നാട്ടിലെത്തിയിരുന്നു. കാണാതായ മകളുടെ തിരിച്ചുവരവുംകാത്ത് ഉമ്മ പ്രാർഥനയോടെ കഴിയുന്നതിനിടെയാണ് നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ച കൊലപാതകവിവരം പുറത്തുവന്നത്.

പ്ലസ്ടുവിന് പഠിക്കുന്ന െരു സഹോദരിയും എട്ടാംക്ലാസിൽ പഠിക്കുന്ന സഹോദരനുമുണ്ട് ഫർഹത്തിന്. ഒരു വർഷം മുമ്പ് വിവാഹിതയായെങ്കിലും മൂന്നു മാസത്തിനകം വിവാഹമോചിതയായി.

'കൊലപ്പെടുത്തി മൂന്നു മണിക്കൂർ കഴിഞ്ഞ് കുഴിച്ചിട്ടു'

വളാഞ്ചേരി: കഞ്ഞിപ്പുര ചോറ്റൂരിലെ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)നെ കുഴിച്ചിട്ടത് കൊലപ്പെടുത്തി മൂന്നു മണിക്കൂർ കഴിഞ്ഞ്. തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതിയും സുബീറ ഫർഹത്തിന്റെ അയൽവാസിയുമായ വരിക്കോടൻ അൻവർ(38) ഒട്ടും കൂസലില്ലാതെയായിരുന്നു പോലീസിനോട് കുറ്റംസമ്മതിച്ചത്.

മാർച്ച് പത്തിന് രാവിലെ ഫർഹത്ത് വെട്ടിച്ചിറയിലെ സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു സ്വർണാഭരണം കവർന്നെടുക്കുന്നതിനായി കൊലപാതകം നടന്നത്.

മുഖം പൊത്തിപ്പിടിച്ച് കൊലപ്പെടുത്തിയശേഷം പറമ്പിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവെക്കുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടിന് കൈക്കോട്ടുമായി സ്ഥലത്തെത്തി മൃതദേഹം ചാക്കിലാക്കി. കുഴിയെടുത്ത് മണ്ണിട്ടു മൂടിയെന്നും കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. അൻവർ ധരിച്ചിരുന്ന മാസ്ക്, ചെരിപ്പ് എന്നിവയും സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവയും പരിശോധനയ്ക്കയക്കും.

അൻവർ മറ്റു കേസുകളിലും പ്രതി

വളാഞ്ചേരി: അയൽക്കാരിയും വിവാഹമോചിതയുമായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ആതവനാട് കഞ്ഞിപ്പുരയിലെ ചോറ്റൂർ വരിക്കോടൻ അൻവർ മറ്റു കേസുകളിലും പ്രതിയെന്ന് പോലീസ്.

നാട്ടിലുണ്ടായ വഴിത്തർക്കത്തിലുൾപ്പെടെ രണ്ടു കേസുകളിലാണ് ഇയാൾ പ്രതിയെന്നും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് അൻവറെന്നും തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ്ബാബു പറഞ്ഞു.

അതിനിടെ തിരൂർ കോടതി റിമാൻഡ്ചെയ്ത പ്രതിയെ പോലീസിന്റെ ആവശ്യപ്രകാരം നാലുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകി. കൊല്ലപ്പെട്ട ചോറ്റൂരിലെ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിന്റെ നഷ്ടപ്പെട്ട സ്വർണാഭരണം വീണ്ടെടുക്കുന്നതുൾപ്പെടെ മുഴുവൻ തെളിവുകളും നാലുദിവസത്തിനുള്ളിൽ ശേഖരിക്കുമെന്നും ഡിവൈ.എസ്.പി. പറഞ്ഞു.