വളാഞ്ചേരി: ആതവനാട് കഞ്ഞിപ്പുരയിലെ ചോറ്റൂർ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)നെ കൊന്ന് ചാക്കിൽക്കെട്ടി കുഴിച്ചുമൂടിയത് അയൽവാസി വരിക്കോടൻ അൻവറാ(38)ണെന്ന് പോലീസ്.

ഫർഹത്തിന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയ ചോറ്റൂരിലെ ചെങ്കൽക്വാറിയിൽ ബുധനാഴ്ച ഇയാളെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കുറ്റസമ്മതംനടത്തിയ അൻവർ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

മാർച്ച് 10-ന് രാവിലെ വെട്ടിച്ചിറയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലിക്കായി വീട്ടിൽനിന്ന് ഇറങ്ങിയതാണ് ഫർഹത്ത്. വീട്ടിൽനിന്ന് അമ്പത് മീറ്റർ പിന്നിട്ടതോടെ യുവതിയുടെ മുഖം മറച്ചുപിടിച്ചശേഷം അടുത്തുള്ള പൊന്തക്കാട്ടിലേക്ക് കൊണ്ടുപോയി കൊല്ലുകയാണ് ചെയ്തതെന്ന് അൻവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

യുവതിയുടെ മൂന്നുപവൻ സ്വർണാഭരണം എടുത്തശേഷം മൃതദേഹം ചെങ്കൽക്വാറിയിൽ കുഴിച്ചിടുകയാണ് ചെയ്തതെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നാൽപ്പത്തിരണ്ട് ദിവസംമുമ്പ് കാണാതായ സുബീറ ഫർഹത്തിനെ കണ്ടെത്തുന്നതിനായി പോലീസ് നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും ഒരു സൂചനയും കിട്ടിയിരുന്നില്ല.

വിവിധകേസുകളിൽ പ്രതിയായ അൻവറുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷണം നടത്തിയിരുന്നു. അതിനിടെയാണ് ചൊവ്വാഴ്ച വൈകുന്നേരം അൻവറിന്റെ വീടിനടുത്ത ചെങ്കൽക്വാറിയിൽ മണ്ണ് ഇളകിയ നിലയിൽ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മണ്ണ് നീക്കാൻ ശ്രമമാരംഭിച്ചു. മണ്ണിനടിയിൽ കണ്ട വസ്ത്രത്തിൽനിന്നാണ് ബന്ധുക്കൾ ഫർഹത്തിനെ തിരിച്ചറിഞ്ഞത്.

യുവതിയുടെ മരണം കൊലപാതകമാണെന്നും ബലാൽക്കാരമോ ശരീരത്തിൽ മുറിവുകളും മറ്റും ഏൽപ്പിച്ചിട്ടുണ്ടോ എന്നുമൊക്കെയുള്ള കാര്യങ്ങൾ ഫോറൻസിക് സർജന്റെ പരിശോധനാഫലം വന്നാലേ വെളിപ്പെടുകയുള്ളൂവെന്ന് തിരൂർ ഡിവൈ.എസ്.പി. കെ.എസ്. സുരേഷ്ബാബു പറഞ്ഞു. കൃത്യംനടത്താൻ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. യുവതിയെ കണ്ടെത്താനുള്ള തിരച്ചിലിൽ നാട്ടുകാർക്കൊപ്പം അൻവറും സജീവമായിരുന്നു - അദ്ദേഹം പറഞ്ഞു. യുവതിയുടെ മൃതദേഹം ഇൻക്വസ്റ്റിനുശേഷം മഞ്ചേരി ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തിരൂർ കോടതിയിൽ റിമാൻഡ് ചെയ്ത പ്രതിയെ വിശദമായ ചോദ്യംചെയ്യലിനും കൂടുതൽ തെളിവെടുപ്പിനുമായി വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും ഡിവൈ.എസ്.പി. പറഞ്ഞു.