കാക്കനാട്: തെളിവെടുപ്പിന്റെ മൂന്നാം ദിവസം സനു മോഹനുമായി അന്വേഷണ സംഘം ഗോവ മുരുഡേശ്വറിലെത്തി. കോയമ്പത്തൂരിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം സേലത്തും െബംഗളൂരുവിലും ഇയാൾ തങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ഗോവയിലെ ഉൾക്കടലിൽ ചാടി മരിക്കാൻ ശ്രമിച്ചപ്പോൾ ലൈഫ്ഗാർഡ് വന്ന് രക്ഷപെടുത്തിയെന്ന് സനു പറഞ്ഞത് സത്യമാണോയെന്ന് പരിശോധിക്കും. തുടർന്ന് കൊല്ലൂരിലെ ഹോട്ടലിലെത്തിച്ച്‌ തെളിവെടുപ്പ് പൂർത്തിയാക്കും.

അതിനിടെ പുഴയിൽ വൈഗയെ തള്ളിയ സനു മോഹന്റെ കാറിൽ വെള്ളിയാഴ്ച ഫോറൻസിക് സംഘം പരിശോധന നടത്തി. തൃപ്പൂണിത്തുറ റീജണൽ ഫോറൻസിക് സയൻസ് വിഭാഗമാണ് പരിശോധിച്ചത്. നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം ഉടൻതന്നെ റിപ്പോർട്ട് പോലീസിന് കൈമാറും. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന കൂടി പൂർത്തിയാക്കിയ ശേഷം കാർ കോടതിയിലേക്ക് മാറ്റും.

മുംബൈയിൽ നിന്ന് ഡി.സി.പി. തിരിച്ചെത്തി

കാക്കനാട്: സനു മോഹന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ മുംബൈക്കു പോയ ഡി.സി.പി. ഐശ്വര്യ ഡോങ്‌റേ വെള്ളിയാഴ്ച തിരിച്ചെത്തി. ഇവരുടെ കൂടെ പോയ പോലീസുകാർ അടുത്ത ദിവസം കേരളത്തിൽ മടങ്ങിയെത്തും. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇവർ മടങ്ങിയത്.

മൂന്നു കോടിയോളം രൂപയുടെ തട്ടിപ്പുകേസാണ് മുംബൈയിൽ സനുവിനെതിരേയുള്ളത്. ഇവിടെ ഇയാൾക്ക് സ്റ്റീൽഷീറ്റിന്റെ ബിസിനസ് നടത്തുന്ന സ്ഥാപനമുണ്ടായിരുന്നു. തട്ടിപ്പ് നടത്തിയ ശേഷം സനു നാട്ടിലേക്ക് മുങ്ങുകയായിരുന്നു. മഹാരാഷ്ട്രയിലെ ഇയാളുടെ ബിസിനസ്‌ ബന്ധങ്ങളെക്കുറിച്ച് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.