കൊച്ചി: വൈഗയെ കൊന്നത് താൻ ആത്മഹത്യചെയ്താൽ മകൾ ഒറ്റയ്ക്കാകുമെന്ന് ഭയന്നാണെന്ന്‌ സനു മോഹന്റെ മൊഴി. ശ്വാസംമുട്ടിക്കുന്നതിനിടെ വൈഗയുടെ മൂക്കിൽനിന്ന് രക്തം തറയിൽ വീണെന്നും ഇത് തുടച്ചുകളഞ്ഞെന്നും സനു പറഞ്ഞിട്ടുണ്ട്. എന്നാൽ, സനു പലപ്പോഴും മൊഴിമാറ്റി പറയുന്നുണ്ടെന്നും വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ വൈഗയുടേതാണോ എന്ന് പരിശോധനയിൽ കണ്ടെത്തേണ്ടതുണ്ടെന്നും സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.

വൈഗയുടെ മരണത്തിനുപിന്നാലെ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷനായ സനുവിനെ ചോദ്യംചെയ്യലിനുശേഷം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുചെയ്തത്. സനുവിന്റെ കാർ കോയമ്പത്തൂരിൽ 50,000 രൂപയ്ക്ക് വിറ്റെന്നും കാർ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. പിടിയിലാകുമ്പോൾ സനുവിന്റെ കൈയിൽ പണമൊന്നുമില്ലായിരുന്നു.

ഭാര്യയോടൊപ്പമിരുത്തി ചോദ്യംചെയ്യും

തെളിവുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി സനു മോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. ചൊവ്വാഴ്ച കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ആദ്യം ഭാര്യയെ തനിച്ച് ചോദ്യംചെയ്യും, ശേഷം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം.