കൊച്ചി: വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ സനു മോഹനെ കണ്ടെത്താന്‍ രൂപവത്കരിച്ച മൂന്ന് സംഘങ്ങള്‍ ഇപ്പോഴും അന്വേഷണത്തില്‍. ആകെ എട്ട് സംഘങ്ങളെയായിരുന്നു സനു മോഹന്റെ തിരച്ചിലിനായി കൊച്ചി സിറ്റി പോലീസ് നിയോഗിച്ചത്. ഇതില്‍ അഞ്ച് സംഘങ്ങള്‍ സനുവിനെ പിടികൂടിയതോടെ കൊച്ചിയിലേക്ക് തിരിച്ചു. എന്നാല്‍, മൂന്ന് സംഘങ്ങളോട് നിലവിലുള്ളിടത്തു തന്നെ തുടരാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയായിരുന്നു.

ഡിജിറ്റല്‍ തെളിവുകളോ, മറ്റ് അനുബന്ധ തെളിവുകളോ കണ്ടെത്താന്‍ കഴിയാത്ത കേസില്‍, പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് ഈ സംഘങ്ങളുടെ ജോലി.

മൂന്ന് സംഘങ്ങള്‍ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായിട്ടാണുള്ളതെന്നാണ് വിവരം.

കേരളത്തെ കൂടാതെ കുറഞ്ഞത് രണ്ട് സംസ്ഥാനങ്ങളില്‍ കൂടി സനു മോഹന്‍ സഞ്ചരിച്ചിരിക്കുകയും ഒളിവില്‍ കഴിയുകയും ചെയ്‌തെന്നാണ് കൊച്ചി സിറ്റി കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞത്. ഇവിടങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ് രണ്ട് സംഘങ്ങളുടെ ജോലി.

കോയമ്പത്തൂരില്‍ സനു വിറ്റ കാര്‍ അവിടെയുള്ള പോലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. കാര്‍ വാങ്ങിയ ആളില്‍നിന്ന് മൊഴിയെടുത്തു. കോയമ്പത്തൂരില്‍ സനു ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ പോലീസ് സംഘം അന്വേഷണം നടത്തും.

കര്‍ണാടകയിലെ കൊല്ലൂരില്‍ സനുവിന്റെ തിരച്ചിലിനായി പോയതില്‍ ഒരു സംഘമാണ് അവിടെ അന്വേഷണം തുടരുന്നത്. കൊച്ചിയിലെ അന്വേഷണ സംഘം സനു മോഹനെ ചോദ്യം ചെയ്യുന്നതില്‍ ലഭിക്കുന്ന വിവരങ്ങള്‍ അവരെ അറിയിക്കും. വിവരങ്ങള്‍ സ്ഥിരീകരിക്കുകയാണ് അവരുടെ ചുമതല.

സനുവിന് മുംബൈയിലുണ്ടായിരുന്ന സ്റ്റീല്‍ ബിസിനസിനെ കുറിച്ചും അവിടത്തെ സാമ്പത്തിക തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കുകയാണ് മൂന്നാമത്തെ സംഘത്തിന്റെ ദൗത്യം. സനുവിന്റെ മുംബൈ ബന്ധങ്ങളെ കുറിച്ചും അന്വേഷണമുണ്ടാകും. കൊച്ചി സിറ്റി ഡി.സി.പി. ഐശ്വര്യ ഡോങ്റെയാണ് അവിടെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. മുംബൈ സ്വദേശിയായ ഐശ്വര്യയുടെ പരിചയം അന്വേഷണത്തില്‍ സഹായകമാകുമെന്നാണ് കരുതുന്നത്.

Content Highlights: vaiga murder case sanu mohan police investigation