കൊച്ചി: വൈഗയുടെ മരണത്തിലേക്ക് വഴിവെച്ച സനു മോഹന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ചൂതാട്ടം. ഗോവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തി ചൂതാട്ടം നടത്തിയിട്ടുള്ളയാളായിരുന്നു സനു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുമ്പോള്‍ അത്യാവശ്യം നല്ല വരുമാനം സനുവിന് ലഭിച്ചിരുന്നു. എന്നാല്‍, ചൂതാട്ടത്തില്‍ മുഴുകിയതോടെ വരുമാനം ചോരുകയായിരുന്നു.

ഓരോ തവണയും സനു ലോട്ടറി എടുക്കുന്നത് ചുരുങ്ങിയത് ആയിരം രൂപയ്‌ക്കെങ്കിലുമായിരിക്കും എന്നാണ് പോലീസ് കണ്ടെത്തിയത്. ലോട്ടറിയുടെ വലിയ ശേഖരം സനുവിന്റെ ഫ്‌ലാറ്റില്‍ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ ഓണ്‍ലൈന്‍ ചൂതാട്ടത്തിലും സനു വലിയ താത്പര്യം കാണിച്ചിരുന്നു. ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയില്‍ നിന്നും ഫ്‌ലാറ്റിനകത്തു നിന്നും ഇതു സംബന്ധിച്ച രേഖകള്‍ കിട്ടിയിരുന്നു. ബിസിനസിനെന്നു പറഞ്ഞാണ് പലരില്‍നിന്നും പണം കടം വാങ്ങിയത്. മാര്‍ച്ച് 22-ന്, കടം വാങ്ങിയ പണം കുറേ പേര്‍ക്ക് തിരികെ നല്‍കാമെന്ന് അറിയിച്ചിരുന്നു. ഇതിന് സാധിക്കില്ലെന്ന് ആയതോടെ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടതാകുമെന്നാണ് പോലീസ് കരുതുന്നത്.

ഭാര്യയുടെ പേരിലുണ്ടായിരുന്ന ഫ്‌ലാറ്റ് സനു മോഹന്‍ വിറ്റു. ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി 11 ലക്ഷം രൂപ വായ്പയും എടുത്തു. ഇങ്ങനെ കൈയില്‍ വന്ന പണം എന്ത് ചെയ്‌തെന്ന് കണ്ടെത്തേണ്ടതുണ്ട്.

വൈഗയുടെ മരണ ശേഷവും സനു ചൂതാട്ടത്തിലേര്‍പ്പെട്ടിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കോയമ്പത്തൂരില്‍ കാര്‍ 50,000 രൂപയ്ക്ക് വിറ്റിരുന്നു. എന്നാല്‍, ഈ പണമൊക്കെ ദിവസങ്ങള്‍ക്കുള്ളില്‍ ചെലവാക്കി തീര്‍ത്തു. ഇതും ചൂതാട്ടം നടത്തിയാകുമെന്നാണ് പോലീസ് പറയുന്നത്. കുറച്ച് പണം ചെലവഴിച്ചെന്നും ബാക്കി പണം പോക്കറ്റടിച്ച് പോയെന്നുമാണ് സനു പറഞ്ഞിരിക്കുന്നത്. ഇത് പോലീസ് വിശ്വാസത്തിലെടുത്തട്ടില്ല.

മുംബൈയില്‍ സനു മോഹന്‍ സ്റ്റീല്‍ ബിസിനസ് നടത്തിയിരുന്നു. ഇവിടെ വെച്ചാണ് മൂന്നു കോടിയുടെ തട്ടിപ്പ് നടത്തിയതും മുങ്ങിയതും. ഇതിലേക്ക് വഴിവെച്ചതിലും ഗോവയില്‍ അടക്കം പോയി നടത്തിയ ചൂതാട്ടമാകുമെന്നാണ് കരുതുന്നത്.

Content Highlights: vaiga murder case sanu mohan addicted to gambling