കാക്കനാട്: സനു മോഹൻ കോയമ്പത്തൂരിൽ വിറ്റ കാറും മകൾ വൈഗയുടെ ദേഹത്തുനിന്ന് അഴിച്ചെടുത്ത സ്വർണവും അന്വേഷണ സംഘം കണ്ടെത്തി. സനുവുമായി നടത്തിയ തെളിവെടുപ്പിലാണിവ കണ്ടെത്തിയത്.

വൈഗയെ പുഴയിൽ തള്ളിയ ശേഷം സനു സഞ്ചരിച്ച വഴികളിലൂടെയാണ് അന്വേഷണ സംഘം സഞ്ചരിച്ചത്. തൃക്കാക്കര സി.ഐ. കെ. ധനപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാർ വിറ്റ സ്ഥാപനത്തിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്തിയത്.

മൂന്നര ലക്ഷം രൂപയ്ക്കാണ് കാർ വില്പന ഉറപ്പിച്ചിരുന്നത്. അഡ്വാൻസായി 50,000 രൂപയാണ് നൽകിയത്. മറ്റ് രേഖകൾ നൽകിയ ശേഷം ബാക്കി തുക നൽകാമെന്നായിരുന്നു കരാർ. കാറിന്റെ സി.സി. അടച്ച് തീർത്തിരുന്നില്ല. കാർ വിറ്റ ശേഷം കോയമ്പത്തൂർ നഗരത്തിൽ തന്നെയുള്ള സ്വകാര്യ ലോഡ്ജിലാണ് സനു തങ്ങിയത്. വൈഗയുടെ മാലയും മോതിരവും വിറ്റ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. തമിഴ്നാട്ടിലെ തെളിവെടുപ്പിനു ശേഷം വ്യാഴാഴ്ച കർണ്ണാടക, ഗോവ എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുക്കും.

നാല് ദിവസം കഴിഞ്ഞാകും അന്വേഷണ സംഘം മടങ്ങിയെത്തുക. മൂകാംബികയിൽ ഇയാളെ കണ്ടെത്തിയ ഹോട്ടൽ, കാർവാറിൽ സനുവിനെ പിടികൂടിയ ബീച്ച് എന്നിവിടങ്ങളിലും തെളിവെടുക്കും. കേടായി എന്നു പറഞ്ഞ് ഇയാൾ ഉപേക്ഷിച്ച ഫോൺ കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. തെളിവെടുപ്പിനു ശേഷം സനുവിന്റെ ഭാര്യ രമ്യയിൽനിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും

ഫ്ളാറ്റിലെ രക്തക്കറ വൈഗയുടേത്

കാക്കനാട്: സനു മോഹന്റെ കങ്ങരപ്പടിയിലുള്ള ഫ്ലാറ്റിൽനിന്ന് കണ്ടെത്തിയ രക്തക്കറ മകൾ വൈഗയുടേതുതന്നെയെന്ന് പരിശോധനാ റിപ്പോർട്ട്. അന്വേഷണ സംഘത്തിന് ലഭിച്ച ഡി.എൻ.എ. പരിശോധനാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പോലീസിന്റെ നിഗമനം ഫ്ലാറ്റിൽ നിന്ന് ലഭിച്ച രക്തപ്പാടുകൾ കുട്ടിയുടേതല്ലെന്നായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ ഇല്ലാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഈ നിഗമനത്തിലെത്തിയിരുന്നത്. അതേസമയം, വൈഗയെ ശ്വാസംമുട്ടിച്ച് കൊല്ലുന്നതിനിടെ വായിൽ നിന്നോ മൂക്കിൽ നിന്നോ വന്ന രക്തമാകാം ഇതെന്നാണ് കരുതുന്നത്.

Content Highlights: vaiga murder case sanu mohan