കാക്കനാട്: വൈഗയെ കൊലപ്പെടുത്തിയ ശേഷം പിതാവ് സനു മോഹൻ ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലെ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം തൃക്കാക്കരയിലെത്തി. കേരളത്തിനു പുറത്ത് വിവിധ സംസ്ഥാനങ്ങളിലായി ആറ് ദിവസമാണ് തൃക്കാക്കര സി.ഐ. കെ. ധനപാലന്റെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കൊല്ലൂരിലെ തെളിവെടുപ്പ് പൂർത്തിയാക്കിയത്.

ആദ്യദിവസത്തെ തെളിവെടുപ്പിൽ കോയമ്പത്തൂരിൽനിന്ന് സനു മോഹന്റെ കാറും വൈഗയുടെ സ്വർണവും കണ്ടെത്തിയിരുന്നു. കൊല്ലൂരിലെ ബീന റസിഡൻസിയിൽ സനു താമസിച്ചിരുന്ന മുറിയിൽനിന്ന് ജാക്കറ്റും പിന്നീട് താക്കോലും കണ്ടെത്തി. ബീന റസിഡൻസിയിലെ ജീവനക്കാർ സനു മോഹനെ തിരിച്ചറിഞ്ഞു.

വാടക കൊടുക്കാതെ മുങ്ങിയ ഇയാൾ താമസിച്ച ഹോട്ടൽ മുറിയുടെ താക്കോൽ ബൈന്ദൂരിൽ റോഡരികിൽ വലിച്ചെറിഞ്ഞതായി തെളിവെടുപ്പിനിടെ വ്യക്തമാക്കിയിരുന്നു. കൊല്ലൂരിലെ തെളിവെടുപ്പിനു ശേഷം ബൈന്ദൂരിലെത്തിയ പോലീസ് സംഘം ഇവിടെനിന്നു താക്കോലും കണ്ടെത്തി.

അടുത്ത ദിവസംതന്നെ സനു മോഹനെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കളോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. ഈ മാസം 29-നാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.

Content Highlights:vaiga murder case police will interrogate sanu mohan with his wife and relatives