കാക്കനാട്: വൈഗയുടെ കൊലപാതകത്തിലെ ചുരുളഴിക്കാൻ പ്രതിയും പിതാവുമായ സനു മോഹനെയും അമ്മ രമ്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. മകളെ കൊലപ്പെടുത്തിയതു സംബന്ധിച്ച സനു മോഹന്റെ വെളിപ്പെടുത്തലുകൾ കേട്ട് തളരുകയും കടുത്ത വികാരവിക്ഷോഭങ്ങളിൽ ഉലയുകയുമായിരുന്നു രമ്യ. ഇടയ്ക്ക് ഇവർ പൊട്ടിക്കരഞ്ഞു.

തൃപ്പൂണിത്തുറ വനിതാ സെൽ കെട്ടിടത്തിലെ പ്രത്യേകം സജ്ജീകരിച്ച മുറിയിലായിരുന്നു ചോദ്യം ചെയ്യൽ. രമ്യയുടെ അനിയത്തിയിൽനിന്നും അവരുടെ ഭർത്താവിൽനിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു. തൃക്കാക്കര അസി. കമ്മിഷണർ ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ബുധനാഴ്ച 11.30-ന് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി എട്ടുവരെ നീണ്ടു.

സനു മോഹന്റെ പണമിടപാടുകളെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് ഭാര്യ രമ്യ വ്യക്തമാക്കി. പുണെയിൽ ബിസിനസ് നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ബാധ്യതകളെ കുറിച്ച് വ്യക്തമായി തനിക്കറിയില്ലെന്ന് രമ്യ പറഞ്ഞു.

ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് കങ്ങരപ്പടിയിലെ ഫ്ലാറ്റിലേക്ക് വരുന്ന വഴി അരൂരിൽനിന്ന് മകൾ വൈഗയ്ക്ക് അൽഫാമും കൊക്കൊകോളയും വാങ്ങിക്കൊടുത്തെന്ന് സനു മോഹൻ പോലീസിനോട് പറഞ്ഞു. ഈ സമയത്ത് കോളയിൽ മദ്യം ചേർത്ത് നൽകിയതിനാലാവാം വൈഗയുടെ രക്തത്തിൽ മദ്യത്തിന്റെ അംശം കാണാനിടയായതെന്നാണ് പോലീസ് നിഗമനം. എന്നാൽ, മദ്യം നൽകിയെന്ന കാര്യം സനു മോഹൻ അംഗീകരിക്കുന്നില്ല.

സനു മോഹന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കുന്ന സാഹചര്യത്തിൽ നാലു ദിവസത്തേക്കു കൂടി കാലാവധി നീട്ടിക്കിട്ടാൻ അപേക്ഷ നൽകുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന തൃക്കാക്കര അസി. കമ്മിഷണർ ആർ. ശ്രീകുമാർ പറഞ്ഞു.

Content Highlights:vaiga murder case police interrogated sanu mohan and his wife