കാക്കനാട്: മകളെ കൊലപ്പെടുത്തി നാടുവിട്ട സനു മോഹൻ ഗോവയിൽ പലയിടത്തുംവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന മൊഴി വെറുമൊരു നാടകമാണെന്ന് അന്വേഷണ സംഘം.

സംഭവം നടന്ന സ്ഥലങ്ങളിലെല്ലാം പ്രതിയുമായി തെളിവെടുപ്പ് നടത്തിയെങ്കിലും ഇത് സ്ഥിരീകരിക്കാനുള്ള തെളിവുകൾ കിട്ടാതായതോടെയാണ് ആത്മഹത്യാശ്രമം കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്. പിടിയിലായ ശേഷം നടത്തിയ ചോദ്യംചെയ്യലിൽ മൂന്നുതവണ ആത്മഹത്യാശ്രമം നടത്തിയെന്നായിരുന്നു സനു മോഹൻ മൊഴി നൽകിയത്.

ഗോവയിലെ ഒരുസ്ഥലത്തു വച്ച് വിഷംകഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടുവെന്നായിരുന്നു മൊഴി. പക്ഷേ, ഈ മരുന്ന് വാങ്ങിയെന്നു പറയുന്ന കടയിൽ നടത്തിയ തെളിവെടുപ്പിൽ ഇത് സാധൂകരിക്കാനുള്ള തെളിവൊന്നും കിട്ടിയില്ല. കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ ലൈഫ്ഗാർഡ് രക്ഷപ്പെടുത്തിയെന്ന് പറയുന്നതും വിശ്വസനീയമല്ല, സംഭവത്തിന് സാക്ഷികളുമില്ല.

ശനിയാഴ്ച ഗോവയിൽ സനു തങ്ങിയ ഹോട്ടൽ, ചൂതാട്ട കേന്ദ്രങ്ങൾ, കടൽത്തീരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെളിവെടുപ്പ് പൂർത്തിയാക്കി. അന്വേഷണ സംഘം ശനിയാഴ്ച രാത്രിയോടെ കൊല്ലൂരിലെത്തി.

ഞായറാഴ്ച മൂകാംബിക, മുരുഡേശ്വർ, സനുവിനെ പിടികൂടിയ കാർവാർ ബീച്ച് എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി കേരളത്തിലേക്ക് മടങ്ങും.

സനു മോഹന്റെ കാറിൽ ഫൊറൻസിക് സംഘം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ ആർ. ശ്രീകുമാർ പറഞ്ഞു. 10 ദിവസത്തേക്കാണ് സനുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഇപ്പോൾ നാലുദിവസം പിന്നിട്ടു.

ഗോവയിലെ ചൂതാട്ടത്തിൽ പൊടിച്ചത് അരലക്ഷം

കാക്കനാട്: സനു മോഹൻ ഗോവയിലെ ചൂതാട്ടത്തിൽ എറിഞ്ഞത് അരലക്ഷത്തോളം രൂപ. കാർ വിറ്റ തുകയിൽ ഭൂരിഭാഗം ഇവിടെ ചെലവഴിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.

കാസിനോ പ്രൈഡ് ചൂതാട്ട കേന്ദ്രത്തിലാണ് പ്രധാനമായും ചൂതാട്ടം നടത്തിയത്. 45,000 രൂപ ചെലവഴിച്ചതായി തെളിവെടുപ്പിൽ ബോധ്യപ്പെട്ടു.

ഗോവയിൽ മദ്യാപനവും ചൂതാട്ടവുമായിരുന്നു സനുവിന്റെ ആഘോഷം ബെംഗളൂരുവിലെ ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും പണം കളഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ തുക ഗോവയിലാണ് ചെലവഴിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Content Highlights:vaiga murder case police evidence taking with sanu mohan in goa and karnataka