കൊച്ചി : വൈഗ എന്ന കൊച്ചു പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതി അച്ഛന്‍ സനു മോഹനും കേസ് അന്വേഷിക്കുന്ന പോലീസും പറയുന്നത് ഒരുപോലെ അവിശ്വസനീയത തോന്നിക്കുന്ന കാര്യങ്ങള്‍. കൊലപാതകം നടന്ന് 29 ദിവസമായിട്ടും എന്തുകൊണ്ട് ഈ പാതകം എന്നതില്‍ വ്യക്തതയില്ലാതെ അന്വേഷണ സംഘം പതറുമ്പോള്‍, ഓരോ തവണയും മൊഴി മാറ്റി അവരെ വട്ടംകറക്കുകയാണ് സനു മോഹന്‍. പ്രതിയെ കൈയില്‍ കിട്ടിയിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസിന് കൊലപാതകത്തിനു പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കാനായിട്ടില്ല.

കര്‍ണാടക പോലീസില്‍നിന്നുള്ള വിവരമനുസരിച്ച് കേരള പോലീസ് സനുവിനെ കസ്റ്റഡിയിലെടുക്കുന്നത് ഞായറാഴ്ച രാവിലെയല്ല, ശനിയാഴ്ചയാണ്. സനുവിനായി തിരച്ചില്‍ നടത്തിയിരുന്ന എട്ട് പോലീസ് ടീമുകളില്‍ ഒന്ന് കര്‍ണാടകയിലെ കൊല്ലൂരില്‍ ശനിയാഴ്ച വൈകീട്ട് വരെ ഉണ്ടായിരുന്നു. പിന്നീട് അപ്രത്യക്ഷമായി. 'വീ ആര്‍ ജസ്റ്റ് അസിസ്റ്റഡ്' (ഞങ്ങള്‍ സഹായിച്ചു) എന്നാണ് കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

കാര്‍വാറിലെ കര്‍ണാടക പോലീസിന്റെ രാത്രി പട്രോളിങ് സംഘമാണ് സനു മോഹനെ ദേശീയപാതയില്‍നിന്നു പിടികൂടിയതെന്നാണ് സൂചന. സംഭവം നടന്ന് 27 ദിവസവും സ്വിച്ച് ഓഫ് ആയിരുന്ന സനുവിന്റെ ഫോണില്‍നിന്ന് ശനിയാഴ്ച വൈകീട്ട് വാട്സാപ്പ് ഉപയോഗിച്ചതായി സൂചനയുണ്ട്. ഈ രീതിയില്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് കേരള പോലീസ് കര്‍ണാടക പോലീസിനെ അറിയിച്ചതെന്ന് കരുതുന്നു. അതിനര്‍ഥം ഒരു ദിവസം മുഴുവനും സനു കേരള പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു എന്നാണ്.

കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പത്രസമ്മേളനത്തില്‍ ഉറപ്പിച്ചു പറയുന്നു മൂന്നാമതൊരാളുടെ സാന്നിധ്യം സംഭവത്തിലില്ലെന്ന്. അതേ കമ്മിഷണര്‍ തന്നെ പറയുന്നു സനു ഇപ്പോള്‍ പറഞ്ഞതല്ല പിന്നെ പറയുന്നതെന്ന്. കേസില്‍ അന്വേഷണം എങ്ങുമെത്താതിരിക്കുമ്പോള്‍ മൂന്നാമതൊരാള്‍ ഇല്ലെന്ന് പോലീസ് ഉറപ്പിക്കുന്നതെങ്ങനെ എന്ന ചോദ്യം ഉയരുന്നു. ഫ്‌ലാറ്റില്‍ കണ്ടെത്തിയ രക്തക്കറ ആരുടേതെന്നറിയാനുള്ള ശാസ്ത്രീയ പരിശോധനാ ഫലം വന്നിട്ടുമില്ല. അതിനു മുമ്പ് മൂന്നാമതൊരാളില്ലെന്ന നിഗമനത്തില്‍ എത്തുന്നതില്‍ യുക്തിയില്ല. 11 വയസ്സുള്ള മകളെ ശരീരത്തോട് ചേര്‍ത്ത് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്നു എന്നാണ് സനു നല്‍കിയ മൊഴി. ശ്വാസം മുട്ടുമ്പോള്‍ ആരായാലും കുതറി പിടയും. ബലപ്രയോഗത്തിന്റെ പാടുകള്‍ ശരീരത്തിലുണ്ടാവും. എന്നാല്‍, മുങ്ങിമരണമെന്നുറപ്പിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ല. ശ്വാസം മുട്ടിച്ചപ്പോള്‍ വൈഗയുടെ മൂക്കില്‍നിന്നു രക്തം വീണത് താന്‍ പുതപ്പുകൊണ്ട് തുടച്ചു എന്ന് സനു പറയുന്നു. പക്ഷേ, അങ്ങനെ രക്തം പുരണ്ടൊരു പുതപ്പ് കണ്ടെടുത്തിട്ടില്ല.

വൈഗയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നു പറയുന്നു. എന്നാല്‍, സനു മോഹന്‍ പോലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നത് താന്‍ വൈഗയ്ക്ക് മദ്യം നല്‍കിയിട്ടില്ലെന്നാണ്. അപ്പോള്‍ കുട്ടിയുടെ ഉള്ളില്‍ മദ്യം എങ്ങനെ എത്തി എന്നതില്‍ ദുരൂഹതയുണ്ട്. മദ്യം അകത്തു ചെന്ന് ബോധരഹിതയായ വൈഗയെ പുഴയിലെറിയുകയായിരുന്നു എന്ന നിഗമനമാണ് കൂടുതല്‍ വിശ്വസനീയം. പക്ഷേ, ശ്വാസം മുട്ടിച്ചു കൊന്നു (കുട്ടി മരിച്ചെന്ന് അയാള്‍ വിശ്വസിച്ചു) എന്നാണ് സനുവിന്റെ മൊഴി. വൈഗയ്ക്ക് സനുവോ മറ്റാരെങ്കിലുമോ മദ്യം നല്‍കിയിട്ടുണ്ടെങ്കില്‍ അത് ബലപ്രയോഗത്തിലൂടെയായിരുന്നോ എന്നതിലും പോലീസിന് വ്യക്തത വന്നിട്ടില്ല.

Content Highlights: vaiga murder case and sanu mohan police cant find answers for various questions