കാക്കനാട്: വൈഗ കൊലക്കേസ് പ്രതി സനു മോഹനുമായുള്ള തെളിവെടുപ്പ് പൂർത്തിയായെങ്കിലും പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. വൈഗയുടെ രക്തത്തിൽ കണ്ടെത്തിയ മദ്യത്തിന്റെ സാന്നിധ്യം എങ്ങനെ വന്നു എന്ന് വ്യക്തമല്ല. മകളെ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ വെച്ച് കെട്ടിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ചെന്നാണ് സനു മോഹൻ പറയുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല. ഇക്കാര്യങ്ങളിലടക്കം വ്യക്തത വരുത്താൻ ബുധനാഴ്ച ഭാര്യയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും.

ബന്ധുക്കളോട് ബുധനാഴ്ച തൃക്കാക്കര പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ തവണയും സനു മൊഴി മാറ്റിപ്പറയുന്നതും അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.

ശീതളപാനീയത്തിൽ കലർത്തി വൈഗയ്ക്ക് മദ്യം നൽകിയെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ, ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ല.

തെളിവെടുപ്പിനു പോയ സംഘം ചൊവ്വാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സനുവിനെ അടുത്ത ദിവസം ആലപ്പുഴയിൽ തെളിവെടുപ്പിന് കൊണ്ടുപോകാനും സാധ്യതയുണ്ട്. പ്രതിയുടെ പോലീസ് കസ്റ്റഡി കാലാവധി വ്യാഴാഴ്ചയോടെ അവസാനിക്കും. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമായതിനാൽ കാലാവധി നീട്ടി നൽകാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.