കൊച്ചി: വാഗമണിലെ ലഹരിപാർട്ടി കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി. പി.കെ. മധുവിനാണ് അന്വേഷണച്ചുമതല. കേസിൽ സംസ്ഥാനത്തിന് പുറത്തേക്കും വിപുലമായ അന്വേഷണം വേണ്ടിവരുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ് അടക്കം ഒമ്പത് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. തൊടുപുഴ സ്വദേശി അജ്മലാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നതെന്നും കണ്ടെത്തിയിരുന്നു. എന്നാൽ എവിടെനിന്നാണ് ലഹരിമരുന്ന് വരുന്നത്, ഇതിന്റെ ഇടനിലക്കാർ ആരെല്ലാം തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നാണ് പോലീസിന്റെ തീരുമാനം.

ലഹരിമരുന്ന് എത്തിച്ചുനൽകുന്നതുമായി ബന്ധപ്പെട്ട് ഗോവ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും അന്വേഷണം നടത്തും. കേസിൽ അറസ്റ്റിലായവർക്ക് സിനിമാമേഖലയിലെ പ്രമുഖരുമായി അടുത്തബന്ധമുള്ളതായും സൂചനയുണ്ട്. സംസ്ഥാനത്തെ മറ്റുചില തട്ടിപ്പുകളുമായും പ്രതികൾക്ക് ബന്ധമുണ്ടെന്നും വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം വിശദമായ അന്വേഷണം നടത്തുന്നത്.

വാഗമണിലെ റിസോർട്ടിൽ സംഘടിപ്പിച്ച പാർട്ടിയിൽ യുവാക്കളും യുവതികളും ഉൾപ്പെടെ അറുപതോളം പേരാണ് പങ്കെടുത്തത്. ഇവരിൽ പാർട്ടിക്ക് നേതൃത്വം നൽകിയവരെയും ലഹരിമരുന്ന് കൈവശംവെച്ചവരെയുമാണ് പോലീസ് പിടികൂടിയത്.

Content Highlights:vagamon drugs party case crime branch investigation