തൊടുപുഴ: വാഗമണ്‍ നിശാപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട അന്വേഷണം ബെംഗളൂരുവില്‍. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി. ബെംഗളൂരുവില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണത്തില്‍ ബെംഗളൂരുവിലെ ലഹരിസംഘങ്ങളെക്കുറിച്ച് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. 

തൊടുപുഴ സ്വദേശി അജ്മലാണ് വാഗമണിലെ നിശാപാര്‍ട്ടിയിലേക്ക് ലഹരിമരുന്ന് എത്തിച്ചത്. ബെംഗളൂരുവില്‍നിന്നാണ് ഇയാള്‍ക്ക് ലഹരിമരുന്ന് ലഭിച്ചിരുന്നത്. കേരളത്തിലെ പലയിടത്തും പാര്‍ട്ടി നടത്താനായി അജ്മല്‍ ലഹരിമരുന്ന് എത്തിച്ചിരുന്നു. ഇയാള്‍ക്ക് ബെംഗളൂരുവിലെ ലഹരിസംഘങ്ങളുമായി അടുത്തബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ലഹരിമാഫിയയുടെ ഉറവിടം തേടിയുള്ള അന്വേഷണം വിജയപാതയിലാണെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. 

വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ നടി ബ്രിസ്റ്റി ബിശ്വാസ് ഉള്‍പ്പെടെ ഒമ്പത് പ്രതികളാണുള്ളത്. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ വിവിധ പരിശോധനകള്‍ നടത്തിയിരുന്നു. ഈ പരിശോധനഫലം ലഭിച്ചാല്‍ ലഹരി ഉപയോഗിച്ച കൂടുതല്‍പേര്‍ക്കെതിരേ പോലീസ് കേസെടുക്കും. 

Content Highlights: vagamon drug party crime branch investigation in bengaluru