കൊല്ലം : പോലീസും നാട്ടുകാരും ചേര്‍ന്ന് കടപ്പാക്കടയില്‍നിന്ന് അതിസാഹസികമായി പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീതിനെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തിങ്കളാഴ്ച ഉച്ചവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്ന വിനീതിനെ ശനിയാഴ്ച കൊല്ലം ?മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.

എടത്വാ ചങ്ങംകരി ലക്ഷംവീട് കോളനിയില്‍ വിനീതി(23)നെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് പിടികൂടിയത്. കവര്‍ച്ചയും കവര്‍ച്ചാശ്രമങ്ങളും നടത്തിയ പള്ളിത്തോട്ടം, ആണ്ടാമുക്കം, എസ്.ബി.ഐ. ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി തെളിവെടുപ്പു നടത്തും. ശനിയാഴ്ച ചോദ്യംചെയ്യല്‍ ആരംഭിച്ചു.

ഒട്ടേറെ കേസുകളില്‍ പ്രതി

ഹൈവേകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുകയും പിടിയിലാകുമ്പോള്‍ വിദഗ്ധമായി മുങ്ങുകയും ചെയ്യുന്ന വിനീതിന്റെപേരില്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. ബെംഗളൂരുവില്‍നിന്ന് കാര്‍ മോഷ്ടിച്ച കേസിലെ പ്രതിയുമാണ്. കര്‍ണാടക പോലീസ് ഇതുസംബന്ധിച്ച് കൊല്ലം പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഒക്ടോബര്‍ 24-ന് കൊച്ചിയില്‍?െവച്ച് കൈവിലങ്ങുമായി മുങ്ങിയ കേസും വിനീതിന്റെപേരിലുണ്ട്. അന്ന് കോവിഡ് ടെസ്റ്റ് നടത്തി തിരിച്ചുപോകുമ്പോള്‍ കാക്കനാട് സിഗ്‌നല്‍ ജങ്ഷനില്‍വെച്ച് ഓടിപ്പോവുകയായിരുന്നു. പിറ്റേദിവസം പോലീസ് വീണ്ടും പിടികൂടി.

ഡിസംബറില്‍ തിരുവല്ല കാവുംഭാഗത്ത് മതില്‍ഭാഗത്തും പ്രഭാതസവാരിക്കാരെ ആക്രമിച്ച കേസില്‍ വിനീതും ഭാര്യ ഷിന്‍സിയും പിടിയിലായിരുന്നു. കൊച്ചി പനങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചക്കേസിലും വിനീതും മിഷേല്‍ എന്ന മറ്റൊരു സംഘാംഗവും അറസ്റ്റിലായിരുന്നു. വിനീതും മിഷേലും പെരുമ്പാവൂര്‍ ഇ.എം.എസ്. ടൗണ്‍ ഹാളിലെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍നിന്നു ഡിസംബര്‍ അവസാനം മുങ്ങിയതാണ്. ശൗചാലയത്തില്‍ ഫ്രഷ് എയര്‍ ഫാന്‍ ഘടിപ്പിക്കാന്‍ നിര്‍മിച്ച ദ്വാരത്തിലൂടെ രക്ഷപ്പെട്ടു.

പെരുമ്പാവൂരില്‍നിന്ന് രക്ഷപ്പെട്ട സംഘം തിരുവല്ല, ചെങ്ങന്നൂര്‍, തൃക്കാക്കര, പാലാരിവട്ടം, പനങ്ങാട്, നെടുമുടി, പുളിക്കീഴ്, കോയിപ്രം, മാവേലിക്കര, കരുനാഗപ്പള്ളി, കൊല്ലം, കിളിമാനൂര്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ ഒട്ടേറെ കവര്‍ച്ചകളാണ് നടത്തിയത്. ബൈക്കും കാറും തടഞ്ഞുനിര്‍ത്തി കത്തികാട്ടി കൊള്ളയടിക്കുന്നതാണ് ഇവരുടെ രീതി.

വ്യാഴാഴ്ച പിടിയിലാകുന്നതിനുമുന്‍പ് ജില്ലയുടെ വിവിധഭാഗങ്ങളില്‍ കവര്‍ച്ചനടത്തിയിരുന്നു. പിടിയിലായതും തട്ടിയെടുത്ത കാര്‍ ഓടിച്ചുവരുമ്പോഴാണ്. ജയിലില്‍ കഴിയുന്ന ഭാര്യ ഷിന്‍സിയുടെ കേസിന്റെ ആവശ്യത്തിനായി പണമുണ്ടാക്കാനാണ് കൊല്ലം കേന്ദ്രീകരിച്ച് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

Content Highlights: vadival vineeth in police custody