വടകര: വടകര കേന്ദ്രീകരിച്ച് എ.ടി.എം. കാര്‍ഡ് വിവരങ്ങളും പിന്‍നമ്പറും ചോര്‍ത്തി പണം തട്ടിയ സംഭവത്തില്‍ രണ്ട് ബി.ടെക്. ബിരുദധാരികള്‍ അറസ്റ്റില്‍. തട്ടിപ്പിന്റെ പ്രധാനസൂത്രധാരന്മാരായ മൂന്ന് ഉത്തരേന്ത്യന്‍ സ്വദേശികളെക്കുറിച്ചും വിവരം കിട്ടി.
വടകര ബൈപ്പാസില്‍ എം.ആര്.എ. ബേക്കറിക്കു സമീപത്തെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടര്‍, പുതിയ സ്റ്റാന്‍ഡിനു സമീപത്തെ പി.എന്‍.ബി. ബാങ്ക് എ.ടി.എം. കൗണ്ടര്‍ എന്നിവിടങ്ങളിലെ എ.ടി.എം. യന്ത്രത്തില്‍ സ്കിമ്മറും രഹസ്യക്യാമറയും സ്ഥാപിച്ചതാണ് തട്ടിപ്പ് നടത്തിയതെന്നും തെളിഞ്ഞു.
വില്യാപ്പള്ളി കടമേരിയിലെ പടിഞ്ഞാറക്കണ്ടിയില്‍ കാട്ടില്‍ ജുബൈര്‍ (33), കായക്കൊടി മടത്തുംകണ്ടി ഷിബിന്‍ (23) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. ഉത്തരേന്ത്യന്‍ സംഘത്തിന് എല്ലാ സഹായവും ചെയ്തിരുന്നത് ഇവരാണ്. കോഴിക്കോട് റൂറല്‍ എസ്.പി. ഡോ. എ. ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം വടകര ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തിച്ചത്.
മാര്‍ച്ച് 23-നാണ് പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് വടകര പോലീസില്‍ ആദ്യപരാതി കിട്ടിയത്. പിന്നാലെ ഒട്ടേറെ പരാതികള്‍ വന്നു. ഇതുവരെ 25 പേരുടെ അക്കൗണ്ടില്‍നിന്നായി 5,10,000 രൂപ ഇവര്‍ തട്ടിയതായി അന്വേഷണസംഘം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇപ്പോഴും പണം തട്ടുന്നത് തുടരുന്നുണ്ട്.
ഉത്തരേന്ത്യന്‍ സംഘം ഒരാഴ്ച വടകരയില്‍ തങ്ങി
എ.ടി.എം. കൗണ്ടറുകളില്‍ സ്കിമ്മര്‍ സ്ഥാപിച്ച് എ.ടി.എം. കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി മൂന്ന് ഉത്തരേന്ത്യക്കാര്‍ ഒരാഴ്ച വടകരയില്‍ തങ്ങിയതായി പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. ഫെബ്രുവരി എട്ടിനാണ് ഇവര്‍ എത്തിയത്. 10 മുതല്‍ 16 വരെ വിവിധ ലോഡ്ജുകളില്‍ താമസിച്ചു. ലോഡ്ജുകളില്‍ പോലീസ് നടത്തിയ അന്വേഷണത്തിനിടെ ഇവരെക്കുറിച്ച് കിട്ടിയ വിവരങ്ങളാണ് നിര്‍ണായകമായത്.
ലോഡ്ജില്‍ ഇവര്‍ നല്കിയ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ജുബൈര്‍, ഷിബിന്‍ എന്നിവരെക്കുറിച്ചുള്ള വിവരം കിട്ടി. ജുബൈറിന് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങിലും ഷിബിനിന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിലും ബിരുദമുണ്ട്. ഇരുവരും വടകരയില്‍ ഒരു ഐ.ടി. സ്ഥാപനം നടത്തുന്നുണ്ട്. വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരേന്ത്യക്കാരുമായി ബന്ധം സ്ഥാപിച്ചത്. വടകരയിലെത്തിയ ഉത്തരേന്ത്യന്‍ സംഘത്തിന് എ.ടി.എം. കൗണ്ടറുകളില്‍ സ്കിമ്മര്‍ സ്ഥാപിച്ച് ചോര്‍ത്തുന്ന ചിപ്പിലെ വിവരങ്ങള്‍ ഡീകോഡ് ചെയ്തുകൊടുത്തിരുന്നത് ഇവരാണ്.
ഇതിനുപകരമായി തട്ടുന്ന പണത്തിന്റെ ഒരു വിഹിതം ഇവര്‍ക്ക് കിട്ടും. ഗൂഗിള്‍ പേ വഴി ഇവര്‍ക്ക് പണം കിട്ടിയതിന്റെ തെളിവും കിട്ടി. തട്ടിപ്പ് നടത്തുന്നതിനായ ഉപകരണങ്ങളും സോഫ്റ്റ്വേറും വാങ്ങിയതിന്റെ വിവരങ്ങളും കിട്ടി. ഇവര്‍ കൊടുക്കുന്ന വിവരങ്ങള്‍വെച്ച് ഉത്തരേന്ത്യന്‍ സ്വദേശികള്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നിര്‍മിച്ച് അവിടെവെച്ചുതന്നെയാണ് പണം പിന്‍വലിച്ചിരുന്നത്. ഒരാഴ്ചകൊണ്ട് ഒട്ടേറെ എ.ടി.എം. കാര്‍ഡ് വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയിട്ടുണ്ട്. പിന്‍നമ്പര്‍ ചോര്‍ത്തിയിരുന്നത് രഹസ്യക്യാമറ എ.ടി.എം. കൗണ്ടറിനുള്ളില്‍ സ്ഥാപിച്ചാണ്.
എ.ടി.എം. കൗണ്ടറിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ക്കായി പോലീസ് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടുന്നതോടെ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടും. മൂന്ന് മൊബൈല്‍ ഫോണും ഒരു ലാപ്ടോപ്പും അറസ്റ്റിലായവരില്‍നിന്ന് പിടിച്ചിട്ടുണ്ട്. ഇതും പരിശോധിച്ചുവരികയാണ്. ഇവരുടെ വീടുകളിലും സ്ഥാപനത്തിലും ബന്ധുവീടുകളിലും പോലീസ് പരിശോധനനടത്തി. വടകര സി.ഐ. കെ.എസ്. സുശാന്ത്, എസ്.ഐ. കെ.എ. ഷറഫുദ്ദീന്, എസ്.ഐ. നിഖില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിജേഷ്, പ്രദീപന്, റിദേഷ്, ഷിനില്‍, സജിത്ത്, ഷിരാജ്, സൈബര്‍ സെല്ലിലെ സരേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
പിന്‍നമ്പര്‍ ഉടന്‍ മാറ്റണം
ഫെബ്രുവരി 10-നും 16-നും മധ്യേ വടകര പുതിയ സ്റ്റാന്‍ഡിലെ എസ്.ബി.ഐ., പി.എന്‍.ബി. എ.ടി.എം. കൗണ്ടറുകളില്‍നിന്ന് പണം പിന്‍വലിച്ചവര്‍ ഉടന്‍തന്നെ പിന്‍നമ്പര്‍ മാറ്റണമെന്ന് ഡിവൈ.എസ്.പി. അറിയിച്ചു.
ഈ ദിവസങ്ങളില്‍ ഇവിടെ ഇടപാട് നടത്തിയവരുടെ കാര്‍ഡ് വിവരങ്ങളും പിന് നമ്പറും ഇവര്‍ ചോര്‍ത്തിയിരിക്കാം. ബുധനാഴ്ചയും വടകരയില്‍നിന്ന് ഒരാളുടെ 30,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഒന്നാംതീയതിമുതല്‍ അക്കൗണ്ടുകളില്‍ ശമ്പളം കയറുമ്പോള്‍ കൂടുതല്‍ പേരുടെ പണം നഷ്ടമാകാന്‍ സാധ്യതയുണ്ട്.