ചണ്ഡീഗഢ്: ഹരിയാണയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് 1710 ഡോസ് കോവിഡ് വാക്സിന്‍ മോഷണംപോയി. ജിന്ദിലെ സിവില്‍ ആശുപത്രിയിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. 

1270 ഡോസ് കോവിഷീല്‍ഡ് വാക്സിനും 440 ഡോസ് കോവാക്സിനുമാണ് മോഷണം പോയതെന്ന് സിവില്‍ലൈന്‍സ് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. രാജേന്ദര്‍ സിങ് പറഞ്ഞു. ആശുപത്രിയിലെ മറ്റു മരുന്നുകളോ പണമോ മോഷ്ടാവ് എടുത്തിട്ടില്ലെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെ സ്റ്റോര്‍ റൂമിന്റെ പൂട്ടുകള്‍ തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ട ശുചീകരണതൊഴിലാളിയാണ് അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് വാക്സിന്‍ സൂക്ഷിച്ച ഫ്രീസറുകളും തകര്‍ത്ത് വാക്സിന്‍ മോഷ്ടിച്ചതായി കണ്ടെത്തിയത്. 

അതേസമയം, വാക്സിനുകള്‍ മോഷണം പോയെങ്കിലും ആശങ്ക വേണ്ടെന്നും മതിയായ വാക്സിന്‍ സ്റ്റോക്കുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ 1000 ഡോസ് കോവാക്സിനും 6000 ഡോസ് കോവിഷീല്‍ഡ് വാക്സിനും ആശുപത്രിയില്‍ എത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

content highlights: vaccine theft at civiil hospital haryana