ലഖ്നൗ: യുവാവ് ദന്തഡോക്ടറെ ക്ലിനിക്കിൽവെച്ച് കുത്തിപരിക്കേൽപ്പിച്ചു. ഉത്തർപ്രദേശിലെ ദാദ്രിയിൽ ദന്തൽ ക്ലിനിക്ക് നടത്തുന്ന ഡോ. അജയ് ഘോഷിനാണ്(52) കുത്തേറ്റത്. കൈയ്ക്കും കഴുത്തിനും പരിക്കേറ്റ ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ സുബൈർ(24) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. കടുത്ത പല്ലുവേദനുമായി ക്ലിനിക്കിലെത്തിയ സുബൈർ തന്നെ ആദ്യം പരിശോധിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടോക്കൺ അനുസരിച്ച് മാത്രമേ രോഗികളെ പരിശോധിക്കൂ എന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതോടെ യുവാവും ഡോക്ടറും തമ്മിൽ തർക്കം ഉടലെടുക്കുകയും യുവാവ് കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ഡോക്ടറെ കുത്തുകയുമായിരുന്നു. ഡോക്ടറുടെ കൈയിലും കഴുത്തിലുമായി മൂന്നുതവണയാണ് കുത്തേറ്റത്. പരിക്കേറ്റ ഡോക്ടറെ ഉടൻതന്നെ ദാദ്രിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

ഡോക്ടറുടെ പരിക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും മറ്റു ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, ഡോ. അജയ്ഘോഷിനെതിരേ ചില ആരോപണങ്ങൾ ഉയർന്നതിനാൽ ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. അജയ്ഘോഷ് വ്യാജ ഡോക്ടറാണെന്നും ഔദ്യോഗിക രജിസ്ട്രേഷൻ ഇല്ലെന്നുമാണ് ആരോപണം. അതിനാൽ ഇക്കാര്യം പരിശോധിക്കാനായി ഡോക്ടറോട് യോഗ്യത തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുമെന്നും പോലീസ് പറഞ്ഞു.

Content Highlights: uttar pradesh man stabs dentist for not consulting him first