ലഖ്‌നൗ:  രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയുടെ സ്വകാര്യഭാഗം ഭര്‍ത്താവ് അലൂമിനിയം നാര് കൊണ്ട് തുന്നിക്കെട്ടി. ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലയിലെ മിലാക്കിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

ശനിയാഴ്ചയാണ് മിലാക്ക് സ്വദേശിയും ഡ്രൈവറുമായ യുവാവ് ഭാര്യയോട് ക്രൂരത കാണിച്ചതെന്ന് പോലീസ് പറഞ്ഞു. ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് ഇയാള്‍ക്ക് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ചാരിത്രപരിശോധന നടത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇതിന് സമ്മതിച്ച ഭാര്യയെ കൈകാലുകള്‍ കെട്ടിയിട്ടു. ശേഷം അലൂമിനിയം നാര് ഉപയോഗിച്ച് സ്വകാര്യ ഭാഗം തുന്നിക്കെട്ടുകയായിരുന്നു. 

മാരകമായ മുറിവേറ്റ് യുവതിക്ക് രക്തസ്രാവമുണ്ടായതോടെ ഭര്‍ത്താവ് വീട്ടില്‍നിന്നും രക്ഷപ്പെട്ടു. പിന്നീട് യുവതി സമീപഗ്രാമത്തില്‍ താമസിക്കുന്ന മാതാവിനെ വിളിച്ചുവരുത്തി. ഇവരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. 

യുവതിയുടെയും മാതാവിന്റെയും പരാതിയില്‍ പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. വൈദ്യപരിശോധനയില്‍ യുവതിക്ക് ഗുരുതര പരിക്കേറ്റതായി തെളിഞ്ഞിട്ടുണ്ടെന്നും ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കൃത്യമായ ചികിത്സ ഉറപ്പുവരുത്തിയെന്നും രാംപുര്‍ എസ്.പി. അറിയിച്ചു. 

അതിനിടെ, സംഭവത്തെക്കുറിച്ച് യുവതിയും മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഒരു കാരണവുമില്ലാതെ ഭര്‍ത്താവ് എന്നെ മര്‍ദിക്കുന്നത് പതിവായിരുന്നു. എനിക്ക് രഹസ്യബന്ധമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. പക്ഷേ, ഇത്തരമൊരു ക്രൂരത ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല'- യുവതി പറഞ്ഞു. 

രണ്ട് വര്‍ഷം മുമ്പാണ് മിലാക്ക് സ്വദേശിയായ യുവാവും യുവതിയും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് നേരത്തെ ഒരു കുഞ്ഞ് പിറന്നിരുന്നെങ്കിലും പ്രസവത്തിന് പിന്നാലെ മരിച്ചിരുന്നു. 

Content Highlights: uttar pradesh man sews wifes genital she is admitted in hospital