ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ 19-കാരി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ വിശദമായ അന്വേഷണം നടത്തി എല്ലാ പ്രതികളെയും തൂക്കി കൊല്ലണമെന്ന് യുവതിയുടെ കുടുംബം. ലോക്കൽ പോലീസിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കുടുംബത്തിന് സുരക്ഷ നൽകണമെന്നും യുവതിയുടെ സഹോദരൻ ആവശ്യപ്പെട്ടു.

കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് പോലീസ് മൃതദേഹം സംസ്കരിച്ചതെന്നും സഹോദരൻ ആവർത്തിച്ചു. 'എല്ലാം അവരുടെ തീരുമാനപ്രകാരം ചെയ്തതാണ്. ഞങ്ങൾ ഭയന്നുപോയി. ബുധനാഴ്ച രാവിലെ അന്ത്യകർമങ്ങൾ ചെയ്ത ശേഷം മൃതദേഹം സംസ്കരിക്കാമെന്ന് പോലീസിനോട് പറഞ്ഞതാണ്. എന്നാൽ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ പോലീസ് നിർബന്ധിക്കുകയായിരുന്നു'- സഹോദരൻ പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് കുടുംബാംഗങ്ങളോടൊപ്പം പുല്ലരിയാൻ പോയ യുവതിയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ശരീരമാസകലം പരിക്കേറ്റ് നാവ് മുറിഞ്ഞനിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. ഏതാനും ദിവസം ഉത്തർപ്രദേശിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ കഴിഞ്ഞദിവസം ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരണം സംഭവിച്ചു.

ഇതിനുപിന്നാലെയാണ് പോലീസിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങളുടെ എതിർപ്പ് അവഗണിച്ച് തിടുക്കത്തിൽ മൃതദേഹം സംസ്കരിച്ചത്. അന്ത്യകർമങ്ങൾക്ക് പോലും അവസരം നൽകാതെ ബന്ധുക്കളെ മാറ്റിനിർത്തിയ ശേഷം ബുധനാഴ്ച പുലർച്ചെയോടെ പോലീസ് മൃതദേഹം സംസ്കരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ യു.പി. പോലീസിനെതിരേയും സർക്കാരിനെതിരേയും രൂക്ഷമായ പ്രതിഷേധങ്ങളാണുണ്ടായത്. നേരത്തെ ബലാത്സംഗക്കേസിലെ പ്രതികളെ പിടികൂടാൻ വൈകിയതിലും യു.പി. പോലീസിനെതിരേ വിമർശനമുയർന്നിരുന്നു.

അതേസമയം, ഹത്രാസിലെ സംഭവങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഏഴ് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്കെതിരേ കർശന നടപടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി. സർക്കാരിന് നിർദേശം നൽകി.

Content Highlights:uttar pradesh hathras gang rape murder family says all culprits should be hanged