അലിഗഢ്: ഉത്തര്‍പ്രദേശില്‍നിന്ന് വീണ്ടും ദാരുണവാര്‍ത്ത. അലിഗഢ് ജില്ലയിലെ കിവാല്‍ഷ് ഗ്രാമത്തില്‍ പീഡനശ്രമത്തെ എതിര്‍ത്ത ദളിത് പെണ്‍കുട്ടിയെ 17-കാരന്‍ ശ്വാസംമുട്ടിച്ച് കൊന്നു. സംസാരിക്കാന്‍ കഴിയാത്ത മാനസിക വെല്ലുവിളി നേരിടുന്ന 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 

ഞായറാഴ്ച നടന്ന സംഭവം കഴിഞ്ഞദിവസങ്ങളിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. വയലിലെ ജോലിക്കാരനായ 17-കാരന്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുന്നതിനിടെയാണ് പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അടുത്തെത്തി ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. സംസാരിക്കാന്‍ കഴിയാത്തതിനാല്‍ പെണ്‍കുട്ടി ബഹളമുണ്ടാക്കില്ലെന്ന് പ്രതിക്കറിയാമായിരുന്നു. അതിക്രമം പെണ്‍കുട്ടി ചെറുത്തതോടെ ഇരുവരും തമ്മില്‍ പിടിവലിയായി. ഇതിനിടെയാണ് ഷാള്‍ കഴുത്തില്‍ മുറുക്കി പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം വയലില്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയും ചെയ്തു. 

പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വയലില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാര്‍ പോലീസിന് നേരേ കല്ലെറിഞ്ഞു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയാണ് നാട്ടുകാരെ ശാന്തരാക്കിയത്. 

സംഭവത്തില്‍ പ്രതിയായ 17-കാരനെ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പോലീസ് പിടികൂടി. പ്രതി കുറ്റംസമ്മതിച്ചതായും കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ 17-കാരന്‍ ഏറെക്കാലമായി വയലില്‍ ജോലിചെയ്തുവരികയായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നൂറിലേറെ അശ്ലീലവീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

Content Highlights: uttar pradesh crime after watching porn boy tries to rape dalit girl later killed her