കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ ആഭരണങ്ങള്‍ അമ്മ മണിമേഖല തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം സൂരജിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങള്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് മണിമേഖല തിരിച്ചറിഞ്ഞത്. ഉത്രയുടെ മകനും സഹോദരന്‍ വിഷുവും മണിമേഖലയ്‌ക്കൊപ്പം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു. 

ഉത്രയുടെ വിവാഹ ആല്‍ബവുമായാണ് അമ്മയും സഹോദരനും ഓഫീസില്‍ വന്നത്. ഉത്രയുടെ താലിമാലയും ഉത്രയുടെ മകന്‍ ധ്രുവിന്റെ(കിച്ചുമോന്‍) ആഭരണങ്ങളും പോലീസ് കണ്ടെടുത്തവയില്‍ ഉണ്ടെന്ന് മണിമേഖല പറഞ്ഞു. അതേസമയം, വിവാഹസമയത്ത് നല്‍കിയ മുഴുവന്‍ ആഭരണങ്ങളും പോലീസ് കണ്ടെടുത്തിട്ടില്ലെന്നും അമ്മ മണിമേഖല വിശദീകരിച്ചു. 

38 പവന്‍ സ്വര്‍ണമാണ് കഴിഞ്ഞദിവസം സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് സ്വര്‍ണം കുഴിച്ചിട്ട വിവരം ഇയാള്‍ വെളിപ്പെടുത്തിയത്. തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സുരേന്ദ്രന്‍ പണിക്കരെ പോലീസ് അറസ്റ്റ് ചെയ്തത്. 

Content Highlights: uthra snake bite murder case; uthra's mother identified seized gold ornaments