കൊല്ലം: സങ്കല്പത്തിലെ ഭാര്യയാകാന്‍ കഴിയാത്തതിനാലാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് സൂരജിന്റെ കുറ്റസമ്മതം. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സൂരജ് ഇക്കാര്യം പറഞ്ഞത്. അണലിയെ ഉപയോഗിച്ചുള്ള കൊലപാതകശ്രമത്തില്‍ മനസ്താപം തോന്നി. എന്നാല്‍ കുഞ്ഞിന്റെ കാര്യത്തെ ചൊല്ലി മെയ് നാല്, അഞ്ച് തീയതികളില്‍ ഉത്ര വഴക്കിട്ടു. ഇത് പെട്ടെന്ന് പ്രകോപനമുണ്ടാക്കിയെന്നും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചെന്നുമാണ് സൂരജിന്റെ മൊഴി. 

അതേസമയം, ഉത്ര വധക്കേസില്‍ വിദഗ്ധ സമിതിയുടെ പരിശോധന പൂര്‍ത്തിയായി. ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് സമിതിയുടെ നിഗമനം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന ആറംഗ സമിതി നേരത്തെ ഉത്രയുടെ അഞ്ചലിലെ വീട്ടിലും സൂരജിന്റെ പറക്കോട്ടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. 

അഞ്ചടി നീളമുള്ള മൂര്‍ഖന്‍ ജനാല വഴി മുറിക്കകത്തേക്ക് കയറില്ലെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഉറങ്ങികിടന്ന ഉത്രയെ പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചതാകാം. സൂരജിന്റെ വീടിന്റെ രണ്ടാംനിലയില്‍ അണലി സ്വയം എത്തില്ലെന്നും സമിതി കണ്ടെത്തി. ഈ കണ്ടെത്തലുകള്‍ വിശദമായ റിപ്പോര്‍ട്ടാക്കി അടുത്തദിവസം കൊല്ലം റൂറല്‍ എസ്പിക്ക് കൈമാറും. 

Content Highlights: uthra snake bite murder case; sooraj's statement and expert committee findings