കൊല്ലം/പത്തനംതിട്ട: അഞ്ചല്‍ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തു. പുനലൂരില്‍നിന്നുള്ള പിങ്ക് പോലീസ് സംഘം അടൂര്‍ പറക്കോട്ടെ വീട്ടിലെത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഉത്ര വധക്കേസില്‍ തെളിവ് നശിപ്പിക്കലില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് നടപടി.

അതിനിടെ, സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കരുടെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സൂരജിനെയും അച്ഛനെയും അന്വേഷണസംഘം ഒരുമിച്ചിരുത്തി ചോദ്യംചെയ്യുകയാണ്. 

തിങ്കളാഴ്ച രാത്രിയാണ് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. സൂരജിന്റെ വീടിന്റെ പരിസരത്ത് രണ്ടിടങ്ങളില്‍നിന്നായി ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയിരുന്നു. ഫെബ്രുവരി 29-ന് വീട്ടില്‍ ഉത്ര കണ്ട പാമ്പ് ചേര അല്ലെന്നും മാര്‍ച്ച് രണ്ടിന് കടിച്ചത് അണലി തന്നെയായിരുന്നെന്നും സൂരജ് പോലീസിനോട് സമ്മതിച്ചു.

തിങ്കളാഴ്ച പകല്‍ ക്രൈംബ്രാഞ്ച് സംഘം സൂരജിന്റെ പറക്കോട്ടുള്ള വീട്ടില്‍ തെളിവെടുപ്പിനെത്തിയിരുന്നു. മടങ്ങുമ്പോള്‍ ഇയാളുടെ അച്ഛനെയും കൂടെക്കൊണ്ടുപോയി. സൂരജിനെ ആദ്യം ചോദ്യം ചെയ്തപ്പോള്‍ ലോക്കറില്‍നിന്നെടുത്ത ഉത്രയുടെ സ്വര്‍ണം സുരേന്ദ്രന്‍ കെ.പണിക്കരുടെ സഹോദരിയുടെ കൈയില്‍ കൊടുത്തെന്നായിരുന്നു പറഞ്ഞത്. എന്നാല്‍, ഇത് കളവാണെന്ന് പോലീസ് കണ്ടെത്തിയതോടെ സൂരജിനെയും അച്ഛനെയും ഒരുമിച്ചിരുത്തി വീണ്ടും ചോദ്യംചെയ്തു. ഇതോടെ സ്വര്‍ണം വീട്ടില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് സുരേന്ദ്രന്‍ സമ്മതിക്കുകയായിരുന്നു.

രാത്രി വീട്ടിലെത്തിയ പോലീസ് സൂരജിന്റെ അമ്മയെയും അച്ഛനെയുംകൂട്ടി സ്വര്‍ണം കണ്ടെത്താന്‍ തിരച്ചില്‍ നടത്തി. എന്നാല്‍, ഇവര്‍ പറഞ്ഞതനുസരിച്ച് കുഴിച്ചിടത്തൊന്നും സ്വര്‍ണം കണ്ടില്ല. തുടര്‍ന്ന് കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ സുരേന്ദ്രന്‍ സ്ഥലം കാണിച്ചുകൊടുത്തു.

സൂരജ് മീനിനെ വളര്‍ത്തിയിരുന്ന കുളത്തിനരികിലും വീടിന്റെ ചുമരിനോടുചേര്‍ന്നുമാണ് ആഭരണങ്ങള്‍ കുഴിച്ചിട്ടിരുന്നത്. വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഇത് മാര്‍ച്ച് രണ്ടിന് ഉത്രയുടെ അടൂരിലെ ബാങ്ക് ലോക്കറില്‍നിന്ന് സൂരജെടുത്ത സ്വര്‍ണാഭരണങ്ങളാണെന്നും കണ്ടെത്തി.

Content Highlights: uthra snake bite murder case; sooraj's mother and sister in police custody