കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നെന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കര്‍. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിലും തനിക്കൊന്നുമറിയില്ലെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍, ആസൂത്രണത്തോടെയാണ് സൂരജും കുടുംബാംഗങ്ങളും പ്രതികരിക്കുന്നതെന്ന് അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ. അശോകന്‍ പറഞ്ഞു.

സുരേന്ദ്രന്‍ പണിക്കര്‍ മദ്യപിച്ചെത്തി ഉത്രയെ അസഭ്യം പറഞ്ഞിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഉത്രയുടെ അയല്‍വാസികളില്‍നിന്ന് അന്വേഷണസംഘം ഞായറാഴ്ച വിവരങ്ങള്‍ ശേഖരിച്ചു. സൂരജിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തെളിവെടുപ്പ് തിങ്കളാഴ്ച നടക്കും. ഉത്രയുടെ സ്വര്‍ണം പണയംവെച്ചതിനെക്കുറിച്ചും ലോക്കറില്‍നിന്ന് സ്വര്‍ണം മാറ്റിയതിനെപ്പറ്റിയുമുള്ള വിവരങ്ങള്‍ക്ക് ബാങ്കുകളിലെത്തിച്ച് തെളിവെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഉത്രയുടെ പേരില്‍ സൂരജ് വന്‍തുകയ്ക്ക് ഇന്‍ഷുറന്‍സ് പോളിസികളെടുത്തതു സംബന്ധിച്ച വിവരങ്ങളും പരിശോധിക്കും.

സൂരജിന് പാമ്പുകളെ നല്‍കിയ സുരേഷിനെ വീണ്ടും ചോദ്യംചെയ്യും. സൂരജിന് നല്‍കിയതുപോലെ മറ്റാര്‍ക്കെങ്കിലും സുരേഷ് പാമ്പുകളെ വിറ്റിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണു ശേഖരിക്കുക.

Content Highlights: uthra snake bite murder case; sooraj's father not giving answers in interrogation