കൊല്ലം/പത്തനംതിട്ട: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണം ഭര്‍ത്താവ് സൂരജ് കടത്തിയതായി പോലീസിന് സംശയം. ചോദ്യം ചെയ്യലില്‍ സ്വര്‍ണത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്താന്‍ സൂരജ് തയ്യാറായിട്ടില്ല. ഇതോടെയാണ് സ്വര്‍ണം ലോക്കറില്‍നിന്ന് കടത്തിയതായുള്ള സംശയം ബലപ്പെട്ടത്. 

അതേസമയം, സൂരജിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ കേസെടുക്കണമെന്ന വനിത കമ്മീഷന്റെ നിര്‍ദേശത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. ജോസ് എന്നിവരാണ് പരാതി പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉത്രയുടെയും സൂരജിന്റെയും വീടുകളില്‍ വീണ്ടും തെളിവെടുപ്പ് നടത്തിയേക്കുമെന്നാണ് വിവരം. 

സൂരജിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ ഗാര്‍ഹിക പീഡന, സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് വനിത കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം ഇതില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വനിത കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. 

Content Highlights: uthra snake bite murder case; sooraj did not reveal about uthra's gold