അടൂര്‍/കൊല്ലം: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍നിന്ന് പോലീസ് ഏറ്റെടുത്തു. ചൊവ്വാഴ്ച രാവിലെ അടൂരിലെ പറക്കോട്ടെ വീട്ടിലെത്തിയ അഞ്ചല്‍ പോലീസ് സംഘമാണ് സൂരജിന്റെ മാതാപിതാക്കളില്‍നിന്ന് കുഞ്ഞിനെ ഏറ്റെടുത്തത്. അഞ്ചല്‍ പോലീസ് ഇനി കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറും. 

അടൂര്‍ താലൂക്ക് ആശുപത്രിയില്‍ കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാകും കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൈമാറുക. അഞ്ചല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി ഉത്രയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ വാങ്ങും. 

കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. എന്നാല്‍ തിങ്കളാഴ്ച രാത്രി അടൂര്‍ പോലീസ് കുഞ്ഞിനെ തേടി സൂരജിന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെയും സൂരജിന്റെ അമ്മയെയും കണ്ടെത്താനായില്ല.

പിന്നീട് ചൊവ്വാഴ്ച രാവിലെയാണ് സൂരജിന്റെ മാതാപിതാക്കള്‍ ബന്ധുവീട്ടില്‍നിന്ന് കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്. അതേസമയം, കുഞ്ഞിനെ ഇനി പരിപാലിക്കില്ലെന്നും സൂരജിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും സൂരജിന്റെ അമ്മ രേണുക ആവര്‍ത്തിച്ചു. കുഞ്ഞിനെ പോലീസിന് കൈമാറുന്നതിനിടെ വൈകാരിക രംഗങ്ങളും അരങ്ങേറി. 

Content Highlights: uthra snake bite murder case; police will hand over the child to uthra's family