അഞ്ചല്‍(കൊല്ലം) : ഉത്ര വധക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി വനപാലകര്‍ നടപടി ആരംഭിച്ചു. ഒന്നാംപ്രതി അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജ് (27), രണ്ടാംപ്രതി ചാവരുകാവ് സുരേഷ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിന്റെ ഭാഗമായി അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്‍.ജയന്‍ ചൊവ്വാഴ്ച വൈകീട്ട് ആറിന് കൊട്ടാരക്കര സബ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കോവിഡ് ടെസ്റ്റ് നടത്തിയശേഷം രണ്ടുദിവസത്തിനകം പ്രതികളെ വനപാലകര്‍ക്ക് കൈമാറും. ഏഴ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്.

പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ വനപാലകര്‍ അപേക്ഷ നല്‍കുന്നത്. പ്രതികള്‍ക്കെതിരേ 1972-ലെ വന്യജീവിനിയമം ഒന്‍പത്, 39 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അനധികൃതമായി പാമ്പിനെ പിടിക്കല്‍, കൈവശംവയ്ക്കല്‍, വില്‍പ്പന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഏഴുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഇതുകൂടാതെ അഞ്ചല്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതിനും ഇതേ വകുപ്പുകള്‍ ചുമത്തി സുരേഷിനെതിരേ രണ്ടാമതൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധന ഇന്നുമുതല്‍

കൊട്ടാരക്കര : ഉത്ര വധക്കേസില്‍ പോലീസ് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫൊറന്‍സിക്, സാങ്കേതിക പരിശോധനകള്‍ ബുധനാഴ്ച തുടങ്ങും. പ്രതികളുടെയും സാക്ഷികളുടെയും മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയവ പരിശോധിക്കും.

പ്രധാന പ്രതികളായ സൂരജ്, സുരേഷ് എന്നിവരുടെയും അടുത്ത ബന്ധുക്കളുടെയും ഫോണുകളും ലാപ്ടോപ്പുകളും പരിശോധിക്കും. ഇവര്‍ അയച്ചിട്ടുള്ള മെസേജുകള്‍, ഫോണ്‍വിളികള്‍ എന്നിവയെല്ലാം വിശദമായി വിലയിരുത്തും. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ ഇതിലൂടെ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ഉത്രയെ കടിച്ച പാമ്പിന്റെ ഡി.എന്‍.എ. പരിശോധനാ ഫലമോ ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലമോ ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. കേസ് അന്വേഷണം വേഗത്തിലാക്കാന്‍ സ്‌പെഷ്യല്‍ ഇന്‍െവസ്റ്റിഗേഷന്‍ ടീം പ്രവര്‍ത്തനം തുടങ്ങി. കുറ്റാന്വേഷണത്തില്‍ വിദഗ്ധരായ മറ്റു ജില്ലകളില്‍നിന്നുള്ള ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം 90 ദിവസത്തിനുള്ളില്‍ നല്‍കാനാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

Content Highlights: uthra snake bite murder case; forest department will take accused in custody