അടൂര്‍: ഉത്ര വധക്കേസില്‍ പ്രതികളായ ഭര്‍ത്താവ് സൂരജിനെയും പാമ്പുപിടിത്തക്കാരന്‍ സുരേഷിനെയും വനംവകുപ്പ് സൂരജിന്റെ പറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വന്യജീവി വിഭാഗത്തില്‍പ്പെടുന്ന പാമ്പിനെ, ഒരാളെ കൊല്ലാന്‍ ആയുധമാക്കുകയും വില്‍ക്കുകയും ചെയ്‌തെന്ന കേസിലാണ് ഇത്.

ഉത്രയെ ആദ്യം കടിച്ച പാമ്പിനെ സൂരജിന് കൈമാറിയത് പറക്കോട്ടെ വീട്ടിലാണെന്ന് സുരേഷ് വനംവകുപ്പിന് മൊഴി നല്‍കി. രണ്ടാമത് കടിച്ച മൂര്‍ഖന്‍പാമ്പിനെ ഏനാത്താണ് കൈമാറിയത്. ഫെബ്രുവരി 23-ന് കല്ലുവാതുക്കല്‍ ഭാഗത്തുനിന്ന് പിടിച്ച അണലിയെ 26-ന് രാവിലെ ഏഴിന് ചാത്തന്നൂരില്‍നിന്ന് കാറിലാണ് സൂരജിന്റെ വീട്ടിലെത്തിച്ചത്.

ഏപ്രില്‍ 23-ന് ആലംകോട് ഭാഗത്തുനിന്ന് പിടിച്ച മൂര്‍ഖന്‍പാമ്പിനെയാണ് 24-ന് ഉച്ചയ്ക്ക് 12-ന് ഏനാത്ത് സൂരജിന് കൈമാറിയത്. ഈ പാമ്പാണ് ഉത്രയുടെ മരണത്തിന് കാരണമായതും.

uthra snake bite murder case
ഉത്ര കൊലക്കേസ് പ്രതികളായ സൂരജിനെയും പാമ്പുപിടിത്തക്കാരന്‍ സുരേഷിനെയും ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്‍.ജയന്റെ നേതൃത്വത്തില്‍ സൂരജിന്റെ പറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു

ആദ്യം പാരിപ്പള്ളി; ഇപ്പോള്‍ ആലംകോട്

മൂര്‍ഖന്‍പാമ്പിനെ പിടികൂടിയത് പാരിപ്പള്ളിയില്‍നിന്നാണെന്ന് സുരേഷ് ആദ്യം പോലീസിനോട് പറഞ്ഞിരുന്നു. വനംവകുപ്പുകാര്‍ ചോദ്യംചെയ്തപ്പോള്‍ ഇത് ആലംകോട് ഭാഗത്തുനിന്നാണെന്നും പറഞ്ഞു.

ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം

വനംവകുപ്പ് അധികൃതര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് സൂരജും സുരേഷും കൃത്യമായ മറുപടി നല്‍കി. സുരേഷ്, പാമ്പിനെ കൊണ്ടുവന്ന വഴിയും കൈമാറിയ സ്ഥലവും കാട്ടിക്കൊടുത്തു. അഞ്ചല്‍ റേഞ്ച് ഓഫീസര്‍ ബി.ആര്‍.ജയന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

മൂര്‍ഖന് വിഷംമുറ്റിയ സമയം

ഉത്രയ്ക്ക് മൂര്‍ഖന്റെ കടിയേല്‍ക്കുമ്പോള്‍ പാമ്പിന് വിഷംമുറ്റിയ സമയമായിരുന്നു. മുട്ടയിട്ട് പത്തുദിവസം കഴിഞ്ഞതിനാല്‍ വിഷം വളരെ കൂടുതലുമായിരുന്നു. ഇതറിഞ്ഞുകൊണ്ടാണോ ഈ പാമ്പിനെ സൂരജ് ഉപയോഗിച്ചതെന്ന് കൂടുതല്‍ ചോദ്യംചെയ്താലേ വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്തു

അഞ്ചല്‍ : പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ചോദ്യം ചെയ്തു. പാമ്പിനെ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് രണ്ടുവരെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് അമ്മയ്ക്കും സഹോദരിക്കും അറിയുമായിരുന്നോ എന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്തത്. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ റേഞ്ച് ഓഫീസര്‍ ബി.ആര്‍.ജയന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്.

Content Highlights: uthra snake bite murder case; forest department interrogated sooraj's mother and sister