കൊല്ലം:  അഞ്ചല്‍ ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്. ഒരാളെ കൊല്ലാന്‍ പാമ്പിനെ ആയുധമാക്കുകയും വില്‍ക്കുകയും ചെയ്‌തെന്ന കേസിലാണ് വനംവകുപ്പ് ഞായറാഴ്ച തെളിവെടുപ്പ് നടത്തിയത്. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു എന്നതിന്റെ സ്ഥിരീകരണത്തിനായാണ് ഈ നടപടി.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയന്റെ നേതൃത്വത്തിലാണ് പ്രതിയുമായി തെളിവെടുപ്പ് ആരംഭിച്ചത്. സൂരജിനെതിരേ ആക്രമണമുണ്ടായേക്കാനുള്ള സാധ്യതയെ തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിയെ എത്തിക്കുന്നതിന് മുമ്പ് തന്നെ സായുധരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉത്രയുടെ വീടിന് മുന്നില്‍ നിലയുറപ്പിച്ചു.

സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോള്‍ അസഭ്യവര്‍ഷത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. പെണ്‍കുട്ടിയെ കൊണ്ടുപോയി കൊന്നുകളഞ്ഞില്ലേടായെന്ന് ആക്രോശിച്ചു. വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറാനും ശ്രമമുണ്ടായി. എന്നാല്‍ സൂരജുമായി ഉദ്യോഗസ്ഥര്‍ വേഗം വീടിനകത്തേക്ക് കയറി. തുടര്‍ന്ന് ഉത്രയെ കൊലപ്പെടുത്തിയ കിടപ്പുമുറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സൂരജ് എല്ലാകാര്യങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. 

കഴിഞ്ഞദിവസങ്ങളില്‍ സൂരജിന്റെ പറക്കോട്ടെ വീട്ടിലും പാമ്പിനെ കൈമാറിയ ഏനാത്തും വനംവകുപ്പ് തെളിവെടുപ്പ് നടത്തിയിരുന്നു. പാമ്പ് പിടിത്തക്കാരന്‍ സുരേഷ് പാമ്പുകളെ പിടികൂടിയ സ്ഥലത്തും തെളിവെടുപ്പ് നടന്നു. അതേസമയം, 
ഉത്രയെ ആദ്യം കടിപ്പിച്ച് കൊല്ലാനുപയോഗിച്ച അണലിയെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. അണലിയെ ചാക്കിലാക്കി വലിച്ചെറിഞ്ഞുവെന്നാണ് സൂരജിന്റെ മൊഴി. വലിച്ചെറിഞ്ഞ അണലി ചാകാന്‍ സാധ്യത കുറവാണെന്നാണ് വിദഗ്ധര്‍ പറഞ്ഞിട്ടുള്ളത്. സൂരജിനെ വീണ്ടും അടൂര്‍ പറക്കോട്ടുള്ള വീട്ടിലെത്തിച്ച് തെളിവെടുത്ത്, ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് വനംവകുപ്പ് ഉദ്ദേശിക്കുന്നത്.

Content Highlights: uthra snake bite murder case; forest department conducts evidence taking in uthra's home