അടൂര്‍: ഉത്ര വധക്കേസില്‍ ഒന്നാം പ്രതി സൂരജിന്റെ വീട്ടില്‍ തെളിവെടുപ്പ്. കേസിലെ പ്രതികളുമായി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പോലീസ് അടൂര്‍ പറക്കോട്ടെ സൂരജിന്റെ വീട്ടിലെത്തിയത്. പോലീസ് ജീപ്പില്‍ നിന്നിറങ്ങി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കണ്ടപ്പോള്‍ സൂരജ് പൊട്ടിക്കരഞ്ഞു. പിന്നീട് താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പതിഞ്ഞ സ്വരത്തില്‍ മാധ്യമങ്ങളോടും ബന്ധുക്കളോടും ആവര്‍ത്തിക്കുകയും ചെയ്തു. 

സൂരജിന്റെ വീട്ടിലെ കിടപ്പുമുറിയിലും സ്വീകരണമുറിയിലും ടെറസിലും പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഉത്ര ആദ്യം പാമ്പിനെ കണ്ട കോണിപ്പടിയില്‍വെച്ച് സൂരജ് അന്നത്തെ സംഭവം വിശദീകരിച്ചു. പിന്നീട് ടെറസിന് മുകളിലേക്ക് പോയി പാമ്പിനെ വലിച്ചെറിഞ്ഞതും വിവരിച്ചു. ഇതിനിടെ വീടിന് സമീപത്തെ പറമ്പില്‍ ഉത്രയെ ആദ്യം പാമ്പ് കടിച്ച ദിവസം സൂരജ് എന്തൊക്കെയോ കത്തിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെയും പോലീസ് പരിശോധന നടത്തുന്നുണ്ട്. 

വീട്ടിലെ തെളിവെടുപ്പിന് ശേഷം സൂരജുമായി പോലീസ് അടൂരിലെ ബാങ്കില്‍ തെളിവെടുപ്പ് നടത്തും. ഉത്രയുടെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കാനായി സൂരജ് ബാങ്കില്‍ പോയിരുന്നതായാണ് വിവരം. ഇത് സ്ഥിരീകരിക്കാനാണ് ബാങ്കില്‍ പരിശോധന നടത്തുന്നത്. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. 

പാമ്പ് പിടിത്തക്കാരന്‍ സുരേഷ് സൂരജിന് പാമ്പിനെ കൈമാറിയ ഏനാത്ത് പാലത്തിന് സമീപവും പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെവെച്ചാണ് സുരേഷ് പാമ്പിനെ നല്‍കിയതെന്നായിരുന്നു സൂരജിന്റെ മൊഴി. 

കുടുംബാംഗങ്ങളുമായി സംസാരിക്കണമെന്ന് സൂരജ് തെളിവെടുപ്പിനിടെ ആവശ്യപ്പെട്ടെങ്കിലും പോലീസ് അംഗീകരിച്ചില്ല. അതേസമയം, പ്രതിയ്ക്ക് ജാമ്യം ലഭിക്കാനായി കുടുംബം നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകരടക്കം ബുധനാഴ്ച സൂരജിന്റെ വീട്ടിലെത്തി കുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നു. ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചാലും അത് തള്ളിപോകുമെന്നാണ് അഭിഭാഷകരുടെ വിലയിരുത്തല്‍. അതിനാല്‍ ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ ഹൈക്കോടതി മുഖേന ജാമ്യം ആവശ്യപ്പെടാനാണ് കുടുംബത്തിന്റെ നീക്കം. 

Content Highlights: uthra snake bite murder case; evidence taking with sooraj in adoor