പത്തനംതിട്ട: അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിനെ വീണ്ടും അടൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച നടന്ന തെളിവെടുപ്പില്‍ സൂരജ് പാമ്പിനെ സൂക്ഷിച്ച ചാക്കുകള്‍ കണ്ടെത്തി. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കരുടെ വാഹനവും കസ്റ്റഡിയിലെടുത്തു. 

ഉത്രയുടെ കുടുംബത്തിന്റെ സാമ്പത്തിക സഹായം കൂടി ഉപയോഗിച്ചാണ് സുരേന്ദ്രന്‍ ഈ വാഹനം വാങ്ങിയത്. കേസില്‍ ഇത് തൊണ്ടിമുതലാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റ അടൂരിലെ ജൂവലറിയിലും അന്വേഷണ സംഘം ശനിയാഴ്ച തെളിവെടുപ്പ് നടത്തും. 

ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും കഴിഞ്ഞദിവസം പത്ത് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഗൂഢാലോചനയില്‍ ഇരുവര്‍ക്കുമുള്ള പങ്ക് കണ്ടെത്തുന്നതിനാണ് റൂറല്‍ എസ്.പി. ഹരിശങ്കറും ഡിവൈ.എസ്.പി. അശോകനും ഉള്‍പ്പെട്ട സംഘം ചോദ്യംചെയ്തത്. സുരേന്ദ്രനെയും സൂരജിനെയും ഇവര്‍ക്കൊപ്പമിരുത്തി ചോദ്യംചെയ്തു. എല്ലാവരും മുന്‍പുനല്‍കിയ മൊഴികളില്‍ ഉറച്ചുനിന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഉത്രയുടെ വീട്ടുകാര്‍ സൂരജിന് വിവാഹത്തിന് നല്‍കിയിരുന്ന സ്വര്‍ണമാല തിരികെനല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രേണുക മാല പോലീസിനെ ഏല്‍പ്പിച്ചു. ഇതുകൂടിയാകുമ്പോള്‍ ഉത്രയുടെ 90 പവന്‍ സ്വര്‍ണത്തിന്റെ കണക്ക് ഒത്തുവരുമെന്ന് പോലീസ് പറയുന്നു. സൂരജ് അറസ്റ്റിലാകുന്നതിനുമുന്‍പാണ് മാല രേണുകയെ ഏല്‍പ്പിച്ചത്.  കൊലപാതക ഗൂഢാലോചനയില്‍ ഇവരെ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകളും മൊഴികളും ലഭിക്കാത്തതിനാല്‍ ഇരുവരെയും തത്കാലം വിട്ടയച്ചിരുന്നു. കേസ് സംബന്ധമായ ചില നിര്‍ണായക നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ വീണ്ടും ചോദ്യംചെയ്യാനാണ് സംഘത്തിന്റെ തീരുമാനം.

Content Highlights: uthra snake bite murder case; evidence taking in sooraj's home in adoor